സമൂഹമാധ്യമങ്ങളില്‍ വയറലായി നടന്‍ വിനയ് ഫോര്‍ട്ടിന്റെ ലുക്ക്. കഴിഞ്ഞ ദിവസം നിവിന്‍ പോളി, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രാമചന്ദ്ര ബോസ് ആന്‍ഡ് കോയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ ആയിരുന്നു വ്യത്യസ്ത ലുക്കില്‍ വിനയ് പ്രത്യക്ഷപ്പെട്ടത്. ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ മീമുകളായും ട്രോളുകളായും വിനയ്യുടെ പുതിയ ലുക്ക് ട്രെന്‍ഡിങ് ആയിരിക്കുകയാണ്. ചുവന്ന ടി ഷര്‍ട്ടും, കൂളിംഗ് ഗ്ലാസും, ചാര്‍ളി ചാപ്ലിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മീശയുമായിരുന്നു പുതിയ ലൂക്കിന്റെ പ്രത്യേകത.
ചെറിയ കട്ടിമീശയും കണ്ണടയും വെച്ച് റെഡ് ടീഷര്‍ട്ട് ധരിച്ചെത്തിയ താരം ഇപ്പോള്‍ ട്രോളുകളിലും മീമുകളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ വിനയ് ഫോര്‍ട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സഞ്ജു ശിവറാം പങ്കുവച്ച ചിത്രങ്ങളാണ് വൈറല്‍. വിനയ്യുടെ ലുക്കിനു സമാനമായ രീതിയില്‍ പാതി മീശ വടിച്ച സഞ്ജുവിനെ ചിത്രങ്ങളില്‍ കാണാം. 'നന്‍പന് ഐക്യദാര്‍ഢ്യം' എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ്, വിനയ് ഫോര്‍ട്ട് എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും വിനയ്യുടെ ലുക്ക് സിനിമാ ലോകത്തും തരംഗമാകുന്ന കാഴ്ചകളാണ് കാണാനാകുന്നത്.
നിവിന്‍ പോളി ചിത്രം 'രാമചന്ദ്രബോസ് കോ' എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിന് എത്തിയതാണ് വിനയ്. പ്രസ് മീറ്റിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ഈ ലുക്ക് വൈറലായി. ജഗതിയുടെ 'ഉമ്മന്‍ കോശി' എന്ന കഥാപാത്രം, മിന്നാരത്തിലെ കുതിരവട്ടം പപ്പു എന്നിവരുമായാണ് പലരും വിനയ് ഫോര്‍ട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ, ബിഎഡ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഉമ്മന്‍ കോശി. 'അത് ഇഷ്ടപ്പെട്ടു.. ഉമ്മന്‍ കോശി' എന്നാണ് വിനയ്യുടെ ചിത്രം പങ്കുവച്ച് അജു വര്‍ഗീസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
അപ്പന്‍' എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലെ വിനയ്യുടെ ലുക്കാണിത്. ''ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. 'അപ്പന്‍' സിനിമയുടെ സംവിധായകന്‍ മജുവിന്റേതാണ് ചിത്രം. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കയാണ്. വളരെ രസകരമായ സിനിമയും കഥാപാത്രവും ആണ്. അതുകൊണ്ട് ഈ കോലം ഞാന്‍ അങ്ങ് സഹിക്കുന്നു. സെപ്റ്റംബര്‍ പകുതിവരെ ഈ കോലത്തില്‍ തന്നെ ഞാന്‍ നടക്കേണ്ടി വരും.''-ലുക്കിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് വിനയ് ഫോര്‍ട്ടിന്റെ മറുപടി.