സിനിമാപ്രേമികള്‍ക്ക് കടുത്ത നിരാശ നല്‍കുന്നതായിരുന്നു 'പ്രേമലു'വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന വാര്‍ത്ത. 'പ്രേമലു 2' ഉപേക്ഷിച്ചുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകന്‍ നസ്ലെനും ഈ കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. തിരക്കഥയില്‍ തങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള പൂര്‍ണ്ണത കൊണ്ടുവരാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രോജക്റ്റുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് നടന്‍ വ്യക്തമാക്കി.
ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നസ്ലന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. 'പ്രേമലു 2 ഔദ്യോഗികമായി തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. ദിലീഷേട്ടന്‍ (ദിലീഷ് പോത്തന്‍) ഇതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രോജക്റ്റ് വിചാരിച്ചതുപോലെ ഒരു പെര്‍ഫെക്റ്റ് ലാന്‍ഡിങ്ങില്‍ എത്തിയില്ല. ഒരുപക്ഷേ ഭാവിയില്‍ ഇത് സംഭവിച്ചേക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് വേണ്ടെന്നുവെച്ചു. തിരക്കഥയ്ക്ക് ആവശ്യമായ പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രോജക്റ്റ് നിര്‍ത്തിവെച്ചത്,' നസ്ലെന്‍ പറഞ്ഞു.
സീരീസ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'പ്രേമലു' ഭാവനാ സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. നസ്ലെനും മമിതാ ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, മാത്യു തോമസ്, അല്‍ത്താഫ് സലിം എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
2024-ല്‍ തിയേറ്ററുകളിലെത്തിയ ഈ റൊമാന്റിക് കോമഡി ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ചരിത്രവിജയമാണ് നേടിയത്. ചിത്രത്തിന്റെ വന്‍ ജനപ്രീതി കണക്കിലെടുത്താണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചതും. സച്ചിന്റെയും റീനുവിന്റെയും കഥയില്‍ ഇനി എന്താണ് സംഭവിക്കുക എന്നറിയാന്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നതും.