ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായികയും അവതാരകയുമാണ് ലക്ഷ്മി ജയന്‍. സോഷ്യല്‍ മീഡിയയിലും റിയാലിറ്റി ഷോ വേദികളിലും സജീവമായ ലക്ഷ്മി, തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു ഘട്ടത്തില്‍ അവതാരകയും നടിയുമായ പേളി മാണി തനിക്ക് നല്‍കിയ വലിയൊരു ആത്മവിശ്വാസത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. പേളിയുടെ വാക്കുകള്‍ തന്റെ ചിന്താഗതിയെയും കരിയറിനെയും എങ്ങനെ മാറ്റിമറിച്ചുവെന്നാണ് ലക്ഷ്മി പങ്കുവെക്കുന്നത്.
'എന്റെ ജീവിതത്തില്‍ കരിയര്‍ പരമായി ഞാന്‍ വളരെയധികം തകര്‍ന്നു നിന്ന ഒരു സമയമുണ്ടായിരുന്നു. ഇനി എന്ത് ചെയ്യണം, എങ്ങനെ മുന്നോട്ട് പോകണം എന്നറിയാതെ വിഷമിച്ച ഘട്ടം. അന്ന് പേളി മാണിയാണ് എന്നെ വിളിച്ച് സംസാരിച്ചത്. പേളി എന്നോട് പറഞ്ഞു: 'ലക്ഷ്മീ, നിനക്കുള്ളില്‍ വലിയൊരു കഴിവുണ്ട്. നിനക്ക് നന്നായി പാടാന്‍ അറിയാം, ആളുകളോട് സംസാരിക്കാന്‍ അറിയാം. നിന്റെ ഈ ടാലന്റ് ഒരിക്കലും വെറുതെ കളയരുത്. നീ ശക്തമായി തിരിച്ചു വരണം.'
സാധാരണ എല്ലാവരും പറയുന്നതുപോലെയുള്ള ആശ്വാസ വാക്കുകളായിരുന്നില്ല അത്. എന്നിലെ കലാകാരിയെ എനിക്ക് തന്നെ തിരിച്ചു തരുന്ന തരത്തിലുള്ള ശക്തമായ വാക്കുകളായിരുന്നു. അത് എന്റെ ഉള്ളില്‍ വലിയൊരു മാറ്റമുണ്ടാക്കി. ആ വാക്കുകളാണ് എന്നെ വീണ്ടും സജീവമാകാനും കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രേരിപ്പിച്ചത്.'
എന്റെ ഒരു ഇന്‍സ്പിറേഷന്‍ ആണ് പേളിച്ചേച്ചി. പേളി മാണിയുടെ വീഡിയോകളൊക്കെ ഞാന്‍ കാണാറുണ്ട്. പേളി പറഞ്ഞതില്‍ എനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട ഒരു ചിന്തയുണ്ട്. നിങ്ങള്‍ ആര്‍ക്കു വേണ്ടിയും തളര്‍ന്നുപോകരുത്. തൊട്ടാവാടിച്ചെടി തൊടുമ്പോള്‍ വാടും. അതുകൊണ്ട് നമ്മള്‍ എല്ലാവരും പോയി ആ തൊട്ടാവാടിയെ തൊടും. ആരും പോയി വാഴയെയോ ഓലയേയോ ഒന്നും തൊടുന്നില്ല. എന്നെ ഭയങ്കരമായി ടച്ച് ചെയ്തിട്ടുള്ള വാചകങ്ങളാണ് ഇത്.
പലരും നമ്മളെ വാട്ടിയെടുക്കാനും നമ്മളെ തളര്‍ത്താനുമൊക്കെ നോക്കും. അത് അവഗണിച്ചേക്കുക. അവര്‍ രണ്ടു പ്രാവശ്യം നമ്മളെ തളര്‍ത്താന്‍ നോക്കി നമ്മള്‍ തളര്‍ന്നാല്‍ ആ സ്വിച്ച് വര്‍ക്കിങ്ങ് ആണ്. കുറേത്തവണ അവര്‍ ശ്രമിച്ചിട്ടും തളരുന്നില്ലെങ്കില്‍ അവര്‍ അടുത്തയാളെ തളര്‍ത്താന്‍ പൊയ്‌ക്കോളും. ഇതാണ് എനിക്കൊരു മോട്ടിവേഷന്‍. പിന്നെ ഞാന്‍ എല്ലാത്തിന്റെയും പൊസിറ്റീവ് വശം എടുക്കാന്‍ നോക്കും'', ലക്ഷ്മി ജയന്‍ പറഞ്ഞു.
തന്റെ വ്യക്തിജീവിതത്തിലും കരിയറിലും നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ലക്ഷ്മി ജയന്‍ ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഒരു സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള തന്റെ ജീവിതപോരാട്ടങ്ങളും ലക്ഷ്മി പലപ്പോഴും വേദികളില്‍ പങ്കുവെച്ചിട്ടുണ്ട്. ആ സമയങ്ങളിലെല്ലാം പേളിയെപ്പോലെയുള്ള സുഹൃത്തുക്കളുടെ സ്‌നേഹവും പിന്തുണയും തനിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ടെന്ന് ലക്ഷ്മി കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
പേളി മാണി നല്‍കിയ ആ പോസിറ്റീവ് എനര്‍ജിയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും, തളര്‍ന്നുപോകുന്ന നിമിഷങ്ങളില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന ചെറിയൊരു ആത്മവിശ്വാസം പോലും അവരുടെ ജീവിതം മാറ്റിമറിച്ചേക്കാമെന്നതിന് ഉദാഹരണമാണ് തന്റെ ജീവിതമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.