നടന്‍ നിവിന്‍ പോളി, നിര്‍മാതാവ് പി.എസ്. ഷംനാസ്, സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നിവര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി. പരസ്പരം നല്‍കിയ പരാതികളാണ് കോടതി റദ്ദാക്കിയത്. തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിയതായി മൂവരും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
വ്യാജ ഒപ്പിട്ട് ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സ്വന്തമാക്കി എന്നാണ് നിവിന്‍ പോളി നല്‍കിയ പരാതി. എന്നാല്‍ എതിരെ ഷംനാസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ 'മഹാവീര്യര്‍' എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്നു ഷംനാസ്. തനിക്കു നല്‍കാനുള്ള പണം വാങ്ങിയ വിവരം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു ഷംനാസിന്റെ ആരോപണം.
ഷംനാസില്‍നിന്ന് 1.95 കോടി രൂപ വാങ്ങിയശേഷം സിനിമയുടെ വിദേശ വിതരണാവകാശം മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് കൈമാറിയെന്നായിരുന്നു പോലീസ് എഫ്ഐആറിലെ ആരോപണം. നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള 'പോളി ജൂനിയര്‍' എന്ന കമ്പനിക്ക് ഇതിന്റെ ഭാഗമായി രണ്ട് കോടി രൂപ മുന്‍കൂറായി ലഭിച്ചെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു. ഇടപാടിലൂടെ തനിക്ക് 1.90 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഷംനാസ് പരാതിയില്‍ ആരോപിച്ചിരുന്നത്.