രേണു സുധിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ താരം കൊല്ലം സുധിയുടെ വിയോഗ ശേഷം അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഒപ്പം ബോഡി ഷെയ്മിങ്ങും അടക്കമുള്ള നിരവധി കാര്യങ്ങള്‍ രേണുവിന് ഇക്കാലയളവിനുള്ളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
രേണു സുധിയും ബിഷപ് നോബിള്‍ ഫിലിപ്പും തമ്മിലുളള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.താന്‍ ഇഷ്ട ദാനം നല്‍കിയ വസ്തു തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിള്‍ ഫിലിപ്പ് നോട്ടീസ് അയച്ചതും ഇതിനിടയില്‍ നടന്നിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ രേണു വീഡിയോകളിലൂടെ പറഞ്ഞുവെന്നതടക്കം ചൂണ്ടിക്കാട്ടി ആയിരുന്നു ബിഷപ്പിന്റെ നടപടി. വലിയ വിവാദമായതിന് പിന്നാലെ ഇതേ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും തന്നെ പിന്നീട് വന്നിരുന്നുമില്ല.ഇപ്പോഴിതാ ബിഷപ് നോബിള്‍ ഫിലിപ്പുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതായി കാണിച്ച് രേണു കഴിഞ്ഞ ദിവസം ഒരു ചിത്രവും കുറിപ്പും പങ്ക് വച്ചിരുന്നു.ഒപ്പം താന്‍ കാരണം ബിഷപ്പിന് ഉണ്ടായ വിഷമങ്ങള്‍ക്ക് രേണു സുധി മാപ്പ് പറയുന്നുമുണ്ട്.
'ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.. സുധിലയത്തില്‍ ഇന്ന് വന്നപ്പോള്‍..അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന എനിക്ക് അനുഗ്രഹം ആണ്. നന്ദി തിരുമേനി. എന്റെ ഭാഗത്ത് നിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമത്തിന് മാപ്പ്', എന്നാണ് രേണു കുറിച്ചത്. പിന്നാലെ മറുപടിയുമായി ബിഷപ്പും എത്തി. പ്രിയപ്പെട്ട സഹോദരി രേണുവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമെന്നും ആണ് ബിഷപ്പിന്റെ വാക്കുകള്‍. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ രേണുവിനെ പിന്തുണച്ച് എത്തുന്നത്.
ഇത് കൂടാതെ ഈ ചിത്രം പങ്ക് വച്ച് രേണു സുധിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആപേക്ഷിച്ച് ഫിറോസ് കെഎച്ച്ഡിഇസി രംഗത്തെത്തി.പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സകള്‍ ആരംഭിക്കുമെന്നും ഫിറോസ് അറിയിച്ചു. അസുഖം മുന്‍കൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും ഉള്ളിലൊതുക്കി, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ രേണു മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫിറോസ് കെഎച്ച്ഡിഇസിയുടെ വാക്കുകള്‍ ഇങ്ങനെ
രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവര്‍ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുന്‍കൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മനസ്സില്‍ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവര്‍.
ഇന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവര്‍ക്ക് സന്തോഷം നല്‍കുന്ന റീലുകളും വീഡിയോകളും അവര്‍ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങള്‍ അവര്‍ ആഘോഷിക്കട്ടെ.
അവരുടെ ചില പ്രതികരണങ്ങള്‍ മൂലം ജീവിതത്തില്‍ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.
അവര്‍ക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കില്‍ അവരുടെ വീഡിയോകള്‍ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്.
കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തൂ. ചിലപ്പോള്‍ ഒരു നല്ല വാക്കും ഒരു പ്രാര്‍ത്ഥനയും മരുന്നുകളേക്കാള്‍ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തില്‍ അവര്‍ വിജയിക്കട്ടെ.
ഇതിനിടെ തനിക്കായി ആശുപത്രിയില്‍ ക്യൂവില്‍ നില്‍ക്കുന്ന ചേച്ചിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രേണു. പാവം ചേച്ചി, ചേട്ടാപ്പി, ഹോസ്പിറ്റലില്‍ എനിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നു ഡോക്ടറിനെ കാണാന്‍ എന്നായിരുന്നു രേണു കുറിച്ചത്. ദൈവം സുഖപ്പെടുത്തട്ടെ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ എന്റെ കുഞ്ഞിനെ ഓര്‍ത്ത് ദൈവം സുഖമാക്കട്ടെയെന്നായിരുന്നു രേണുവിന്റെ മറുപടി.