Latest News

'എന്റെ അവസ്ഥ കുറച്ച് സീരിയസാണ്, എനിക്കായി പ്രാര്‍ഥിച്ചില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കണം'! ആദ്യ കീമോയ്ക്ക് പിന്നാലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ രേണു സുധി; ജോലി രാജി വെച്ച് അരികിലിരുന്ന് ഭക്ഷണം വാരി നല്‍കി പ്രിയപ്പെട്ട ചേച്ചി; തന്നെ ജീവനോടെ കൊല്ലരുതെന്നും തന്റെ പേരില്‍ ആരും പണം പിരിക്കരുതെന്നും അഭ്യര്‍ഥന

Malayalilife
'എന്റെ അവസ്ഥ കുറച്ച് സീരിയസാണ്, എനിക്കായി പ്രാര്‍ഥിച്ചില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കണം'! ആദ്യ കീമോയ്ക്ക് പിന്നാലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ രേണു സുധി; ജോലി രാജി വെച്ച് അരികിലിരുന്ന് ഭക്ഷണം വാരി നല്‍കി പ്രിയപ്പെട്ട ചേച്ചി; തന്നെ ജീവനോടെ കൊല്ലരുതെന്നും തന്റെ പേരില്‍ ആരും പണം പിരിക്കരുതെന്നും അഭ്യര്‍ഥന

കാന്‍സര്‍ ബാധിച്ച തന്റെ അവസ്ഥ കുറച്ച് സീരിയസാണെന്നും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും രേണു സുധി. കീമോതെറാപ്പിക്ക് ശേഷമുളള ആരോഗ്യസ്ഥിതിയാണ് അവര്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. ആദ്യ കീമോ കഴിഞ്ഞതിനു പിന്നാലെ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും വേദനകളിലൂടെയുമാണ് താന്‍ കടന്നുപോകുന്നത്. നിലവില്‍ കടുത്ത ക്ഷീണവും കഠിനമായ ശരീര വേദനയും കാരണം എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് താരം.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രൊഫഷണല്‍ നഴ്‌സായ സ്വന്തം ചേച്ചിയാണ് ജോലിയില്‍ നിന്ന് വരെ രാജിവെച്ച് രേണുവിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത്. കടുത്ത ക്ഷീണം കാരണം തളര്‍ന്നിരിക്കുന്ന തനിക്ക് ചേച്ചിയാണ് ഭക്ഷണം വാരി നല്‍കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കുന്നതെന്ന് രേണു വികാരാധീനയായി പങ്കുവെച്ചു. 'ഫസ്റ്റ് കീമോ കഴിഞ്ഞു. ചേച്ചി ഫുഡ് തരുന്നു, എനിക്ക് വയ്യ. നല്ല ക്ഷീണവും ശരീര വേദനയുമാണ്, പ്രാര്‍ത്ഥിക്കണേ.' എന്നാണ് രേണു കുറിച്ചത്.

മൂന്നാഴ്ച കൂടുമ്പോള്‍ ഒന്ന് വീതം ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനുശേഷമാണ് സര്‍ജറി ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ളത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് രേണുവിന്റെ നിലവിലെ ചികിത്സകള്‍ നടക്കുന്നത്. ഇനി കോട്ടയം മെഡിക്കല്‍ കോളജാണ് തന്റെ തറവാടെന്നും എത്ര വര്‍ഷം മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും രേണു വ്യക്തമാക്കുന്നു. തനിക്കായി പ്രാര്‍ഥിച്ചില്ലെങ്കിലും തന്റെ കുഞ്ഞിന്റെ (റിഥപ്പന്‍) അമ്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് താരം അഭ്യര്‍ത്ഥിച്ചു.

'കീമോയ്ക്കു ശേഷം ഡോക്ടര്‍ കാര്യങ്ങള്‍ ചേച്ചിയോടാണ് പറഞ്ഞത്. അവര്‍ അതൊന്നും എന്നോടു പറഞ്ഞില്ല. ചിലപ്പോള്‍ സീരിയസ് ആയ കാര്യങ്ങളാകും. ഇവിടെ വീട്ടില്‍ വന്നപ്പോഴും എന്റെ റൂമില്‍ ഇരുത്തി കതകടച്ച് അകത്ത് ഇരുത്തിയിട്ടാണ് വീട്ടുകാരോടും കാര്യങ്ങള്‍ പറഞ്ഞത്' എന്നും രേണുസുധി പറഞ്ഞു.

'മരുന്നിന് തന്നെ ലക്ഷങ്ങളാകും. അതൊന്നും ഞാന്‍ കരുതിയിട്ടില്ല, കുറച്ച് പരിപാടികള്‍ മുടങ്ങിപ്പോയിരുന്നു. പിരിവിനു വേണ്ടി പറയുന്നതല്ല. ചാനല്‍ പിന്തുണയ്ക്കണം. വിഡിയോയ്ക്ക് നല്ല വ്യൂസ് ഉണ്ടാകണം. എന്നാലേ മരുന്നൊക്കെ മേടിക്കാന്‍ സാധിക്കൂ. ബിഗ് ബോസിലെ ആളുകളൊക്കെ വിളിക്കുന്നുണ്ട്. ഞാനിങ്ങനെ ഇരിക്കുന്നുവെന്നെ ഒള്ളൂ. എവിടെ നിന്നോ കിട്ടിയ ധൈര്യമാണിത്. പണ്ടേ ഞാന്‍ ഇങ്ങനെയാണ്. മനക്കരുത്ത് ഉണ്ട്, ബാക്കിയുള്ളത് ദൈവത്തിന്റെ കയ്യിലാണ്', എന്നും രേണു സുധി വ്യക്തമാക്കി. തന്നോട് ശത്രുതയുള്ളവര്‍ ഉണ്ടാകാമെന്നും എന്നാല്‍ താന്‍ ആര്‍ക്കും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രേണു ഓര്‍മ്മിപ്പിച്ചു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ആവര്‍ത്തിച്ചുള്ള സൂചികുത്തലുകളുടെ വേദന ഒഴിവാക്കാനായി പിഐസിസി (PICC) ലൈന്‍ വഴിയാണ് രേണു ചികിത്സ തേടുന്നത്. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാന്‍സര്‍ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു മുന്‍പ് വ്യക്തമാക്കിയിരുന്നു. കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്.

ഇതോടൊപ്പം തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പണപ്പിരിവുകള്‍ക്കെതിരെ രേണു ശക്തമായി പ്രതികരിച്ചു. താന്‍ ആരെയും പണം പിരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്നെ ജീവനോടെ കൊല്ലരുതെന്നും രേണു വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ മുന്‍പത്തെപ്പോലെ ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമല്ല. അതിനാല്‍ സബ്സ്‌ക്രിപ്ഷന്‍ വഴിയും യൂട്യൂബ് ചാനലിലൂടെയും പരമാവധി വീഡിയോകള്‍ ചെയ്ത് ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താനാണ് രേണു ശ്രമിക്കുന്നത്. തന്നെ സ്നേഹിക്കുന്നവര്‍ യൂട്യൂബ് ചാനല്‍ കണ്ട് സപ്പോര്‍ട്ട് ചെയ്യണമെന്നും വ്യാജ അക്കൗണ്ടുകളില്‍ വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

പതിനഞ്ചാം വയസ്സില്‍ ശരീരത്തില്‍ കണ്ട, വേദനയില്ലാത്ത ഒരു ചെറിയ മുഴയാണ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍സറായി മാറിയത്. അതിനാല്‍ വേദനയില്ലാത്ത മുഴകള്‍ ശരീരത്തില്‍ കണ്ടാല്‍ പെണ്‍കുട്ടികള്‍ അത് ഒട്ടും അവഗണക്കരുതെന്നും കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും രേണു ഓര്‍മ്മിപ്പിച്ചു. രോഗം തന്നെ മാനസികമായി തളര്‍ത്തുന്നുണ്ടെങ്കിലും കരഞ്ഞിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, രോഗത്തോട് ധീരമായി പോരാടി ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും രേണു ഉറപ്പിച്ചു പറയുന്നു.

Read more topics: # രേണു സുധി
renu sudhi start chemotherapy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES