ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 'ബ്രോ ഡാഡി'. കോവിഡ് കാലത്ത് നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജും തകര്‍പ്പന്‍ വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴും പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണുന്ന ഈ സിനിമയെക്കുറിച്ച് തികച്ചും രസകരമായൊരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കൂടിയായ പൃഥ്വിരാജ്. ഹിറ്റ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ബ്രോ ഡാഡി' റിപ്പീറ്റ് വാല്യൂയുള്ള ചിത്രമാണെന്ന് അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് പൃഥ്വിരാജ് സിനിമയുടെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തിയത്. സിനിമ ചെയ്യുമ്പോള്‍ തന്നെ അങ്ങനെയൊരു പ്ലാന്‍ മനസ്സിലുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. 'ഇപ്പോള്‍ ആളുകള്‍ അത് പറയുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ ബ്രോ ഡാഡി തുടങ്ങുമ്പോള്‍ തന്നെ അതിന്റെ ലക്ഷ്യം അതായിരുന്നു. ചിത്രം നേരിട്ട് ഒടിടി റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് 99 ശതമാനവും ഉറപ്പായിരുന്നു. തിയേറ്ററുകളെല്ലാം അടഞ്ഞുകിടന്ന കോവിഡ് സമയത്താണ് നമ്മള്‍ ഷൂട്ട് തുടങ്ങിയത്. സ്ട്രീമിംഗ് പാര്‍ട്ണറും തുടക്കത്തിലേ ഒപ്പമുണ്ടായിരുന്നു. ടിവിയിലൊക്കെ ആളുകള്‍ വീണ്ടും വീണ്ടും കാണുന്ന ഒരു പടം ആകണം എന്നതായിരുന്നു സിനിമയുടെ ബ്രീഫ്.' - പൃഥ്വിരാജ് വ്യക്തമാക്കി.
സിനിമയുടെ ദൃശ്യഭംഗിയെക്കുറിച്ചും താരം രസകരമായ കാര്യം പങ്കുവെച്ചു. 'ആ സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് നോക്കിയാല്‍ അത് ഒട്ടും റിയല്‍ അല്ല എന്ന് മനസ്സിലാകും. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി ഇടുന്ന കുര്‍ത്തയുടെ നിറവും പിന്നിലെ ഭിത്തിയുടെ നിറവും ഒന്നുതന്നെയായിരിക്കും. അങ്ങനെയൊക്കെയാണ് അത് ഒരുക്കിയത്. ഒട്ടും റിയല്‍ അല്ലാതെ, നീളമുള്ള ഒരു പരസ്യചിത്രം പോലെ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. അതില്‍ എത്രത്തോളം വിജയിച്ചുവെന്ന് അറിയില്ല,' പൃഥ്വിരാജ് പറഞ്ഞു.
അതേസമയം പൃഥ്വിരാജിന്റേതായി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'ഐ നോബഡി' ആണ്. 'കെട്ട്യോളാണ് എന്റെ മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാം ബഷീറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്ത് നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിക്കഴിഞ്ഞു. ജൂലൈ 9-നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.