താരസംഘടന 'അമ്മ'യിലെ തര്‍ക്കങ്ങളില്‍ വിശദീകരണവുമായി സംഗീത സംവിധായകനും പെര്‍ഫോമറുമായ സ്റ്റീഫന്‍ ദേവസി ഇന്ന് രംഗത്തുവന്നിരുന്നു. തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സ്റ്റീഫന്‍ വിശദീകരണം നല്‍കിയത്. ഇതോടെ ഈ വിഷയത്തില്‍ പ്രതികരിച്ചു നടി മാല പാര്‍വതി രംഗത്തുവന്നു.
താന്‍ മനസിലാക്കിയിടത്തോളം അന്‍സിബ ആരോപണം ഉന്നയിച്ചത് സ്റ്റീഫന്‍ ദേവസിക്കെതിരല്ലെന്ന് മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'അമ്മ' ഭരണസമിതി അനുമതി നല്‍കാത്ത പരിപാടിക്കാണ് താന്‍ വരുന്നതെന്ന് സ്റ്റീഫന്‍ ദേവസി അറിഞ്ഞുകാണില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, 20 മിനിറ്റ് പരിപാടിക്ക് 13.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്ന് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അവര്‍ പരിഹസിച്ചു.
'ഞാന്‍ മനസിലാക്കിയിടത്തോളം അന്‍സിബ ആരോപണം ഉന്നയിച്ചത്, സ്റ്റീഫന്‍ ദേവസിക്കെതിരെ അല്ല. കുടുംബ സംഗമത്തില്‍ ഇത്രയും രൂപ ചെലവാക്കി എന്തിനാണ് ഇങ്ങനെ ഒരു പ്രോഗ്രാം എന്ന തര്‍ക്കമുണ്ടായെന്നും പ്രോഗ്രാം നടത്താനോ അതിന് ചെലവാകുന്ന പണമോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പാസാക്കിയില്ല എന്നതുമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി പാസ്സാക്കാത്ത ഒരു പ്രോഗ്രാമിനാണ് താന്‍ വരുന്നത് എന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല', മാലാ പാര്‍വതി കുറിച്ചു
'പിന്നെ, എനിക്ക് വ്യക്തിപരമായി സംശയം ഉണ്ടായിരുന്നു. 'അമ്മ'യുടെ കുടുംബ സംഗമത്തിന്, 20 മിനിറ്റ് പ്രോഗ്രാമിന് 13.5 ലക്ഷം രൂപ സ്റ്റീഫന്‍ വാങ്ങി കാണുമോയെന്ന്?!. 20 മിനിറ്റ് പ്രോഗ്രാമിന് 13.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ഫീസ് എന്ന് ബോധ്യപ്പെട്ടു. സന്തോഷം', അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് സ്റ്റീഫന്‍ ദേവസി താനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയത്.
കുടുംബസംഗമത്തിലെ കുറച്ചുനേരത്തെ പരിപാടിക്ക് വേണ്ടി മാത്രമല്ല, അതിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് താന്‍ 13.5 ലക്ഷം പ്രതിഫലമായി വാങ്ങിയതെന്നായിരുന്നു സ്റ്റീഫന്‍ ദേവസി വ്യക്തമാക്കിയത്. 12 പേരോളമുള്ള സംഘം തനിക്കൊപ്പമുണ്ടായിരുന്നു. പ്രീ- പ്രൊഡക്ഷനും മിക്‌സിങ്ങും മാസ്റ്ററിങ്ങും ഉള്‍പ്പെടെയാണ് പ്രതിഫലം. ആരും കമ്മിഷന്‍ വാങ്ങിയിട്ടില്ല. രണ്ടാഴ്ച സമയം പരിപാടിക്കുവേണ്ടി നീക്കിവെച്ചുവെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു.
സ്റ്റീഫന്‍ ദേവസിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസന്‍ പരസ്യമായും മറ്റ് അംഗങ്ങള്‍ 'അമ്മ' ജനറല്‍ ബോഡിയിലും ആരോപണം ഉന്നയിച്ചിരുന്നു. സ്റ്റീഫന്‍ ദേവസിയുടെ പരിപാടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് നടത്തിയത് എന്നായിരുന്നു ഒരു ആരോപണം. സ്റ്റീഫന്റെ പ്രതിഫലം പെരുപ്പിച്ച് കാണിച്ചു, കമ്മിഷന്‍ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്. 'അമ്മ'യ്ക്കുവേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്റ്റീഫന്‍ പ്രതിഫലം വാങ്ങാതെ പരിപാടി അവതരിപ്പിക്കുമായിരുന്നുവെന്ന് അന്‍സിബയും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.