Latest News

ആകാശമായവളേ പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന മിലന് സിനിമയിലേക്ക്; കുഞ്ഞ് ഗായകന്റെ ഗാനം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തില്‍ അവസരം നല്കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്ക് വച്ച് പ്രജേഷ് സെന്‍

Malayalilife
ആകാശമായവളേ പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന മിലന് സിനിമയിലേക്ക്; കുഞ്ഞ് ഗായകന്റെ ഗാനം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തില്‍ അവസരം നല്കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്ക് വച്ച് പ്രജേഷ് സെന്‍

താനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഏറ്റവും അധികം കണ്ട വീഡിയോകളില്‍ ഒന്നാണ് ആകാശമായവളെ'' എന്ന പാട്ട് ക്ലാസ് മുറിയില്‍ പാടുന്ന കുഞ്ഞ് ഗായകന്റെ വീഡിയോ.  മിലന്‍ എന്ന വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ സഹപാഠികള്‍ക്ക് മുന്നില്‍ പാടിയത്  അദ്ധ്യാപകനാണ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത്.വെള്ളം എന്ന സിനിമയില്‍ ഷഹബാസ് അമന്‍ ആലപിച്ച ഗാനം  പാടി കുഞ്ഞ് ഗായകന്‍ മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. ഇപ്പോളിതാ ഈ മിടുക്കന് സിനിമയില്‍ അവസരം ഒരുക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്ലാസ് മുറിയില്‍ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്. അത്തരത്തില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയില്‍ പെടുത്തിയത് സുഹൃത്തും മാദ്ധ്യമ പ്രവര്‍ത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛന്റെ... എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.

കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയില്‍ പാട്ട് പാടുന്ന മിലന്‍ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകന്‍ പ്രവീണ്‍ ഷെയര്‍ ചെയ്തത് ശ്രദ്ധയില്‍ പെട്ടു. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതില്‍ പരം സന്തോഷമെന്താണ്. നിധീഷിന്റെ വരികളില്‍ ബിജിബാല്‍ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തില്‍ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ... മാറിയിരുന്നു.

സത്യത്തില്‍ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അദ്ധ്യാപകനെയും മിലനെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളില്‍ മിലന് പാട്ട് പാടാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികള്‍...എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകള്‍.

കൊടകര, മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മിലന്‍.സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാന്‍ ആരെങ്കിലും ഒരു പാട്ടു പാടൂ എന്ന് അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്. അധ്യാപകന്റെ ആഗ്രഹത്തിന് വഴങ്ങി സഹപാഠികള്‍ക്കു മുന്നില്‍ മിലന്‍ പാടിയ പാട്ട് ഇത്രയേറെ വൈറലാകുമെന്ന് ആരും കരുതിയില്ല.

അധ്യാപകന്‍ പ്രവീണ്‍ എം കുമാറാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഇത്ര മനോഹരമായി മിലനു പാടാന്‍ കഴിയുമെന്ന് കൂട്ടുകാര്‍ പോലും അറിയുന്നത് അപ്പോഴായിരുന്നു. സമൂഹ മാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ട ഗായകന്‍ ഷഹബാസ് അമനും സംഗീത സംവിധായകന്‍ ബിജിബാലും മന്ത്രി വി ശിവന്‍കുട്ടിയും എംഎല്‍എമാരും അടക്കമുള്ള പ്രമുഖര്‍ മിലനെ അഭിനന്ദിച്ചു. രണ്ടുദിവസത്തിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് സമൂഹമാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ടത്. ചിത്രകാരനും പെയിന്റിംഗ് തൊഴിലാളിയുമായ സുകുമാരന്റെയും കുടുംബശ്രീ പ്രവര്‍ത്തക പ്രസന്നയുടെയും മകനാണ് മിലന്‍.
 

viral singer milan entry film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES