Latest News

ജോജു ജോര്‍ജ് സംവിധായകനാകുന്ന ചിത്രം 'പണി'യുടെ ട്രെയിലര്‍ പുറത്ത്; ചിത്രം 24ന് തിയേറ്ററുകളില്‍

Malayalilife
 ജോജു ജോര്‍ജ് സംവിധായകനാകുന്ന ചിത്രം 'പണി'യുടെ ട്രെയിലര്‍ പുറത്ത്; ചിത്രം 24ന് തിയേറ്ററുകളില്‍

നടന്‍ ജോജു ജോര്‍ജ്(Joju George) ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പണി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി(trailer out). ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിനു പുറമേ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും  പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയര്‍ന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ നടനാണ് ജോജു ജോര്‍ജ്. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്.

ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാര്‍ത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്‌ക്രീനിലെത്തിക്കാന്‍ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടേയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു. ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേര്‍ന്നു.

മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്. 

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനില്‍ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്.

പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PANI Official Trailer Joju George Abhinaya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES