ഹോളിവുഡ് സുന്ദരി ആട്ടിപ്പായിച്ചു, ക്വിന്റിന്‍ ടരന്റിനോ അശ്ലീല ആംഗ്യം കാട്ടി'; അല്‍ പാചിനോയ്ക്കായി കാത്തുനിന്നത് മൂന്ന് മണിക്കൂര്‍; 'ഫാന്‍ബോയ്' അനുഭവങ്ങള്‍ പങ്കുവെച്ച് രണ്‍ബീര്‍ കപൂര്‍

Malayalilife
 ഹോളിവുഡ് സുന്ദരി ആട്ടിപ്പായിച്ചു, ക്വിന്റിന്‍ ടരന്റിനോ അശ്ലീല ആംഗ്യം കാട്ടി'; അല്‍ പാചിനോയ്ക്കായി കാത്തുനിന്നത് മൂന്ന് മണിക്കൂര്‍; 'ഫാന്‍ബോയ്' അനുഭവങ്ങള്‍ പങ്കുവെച്ച് രണ്‍ബീര്‍ കപൂര്‍

സിനിമയെന്നാല്‍ രണ്‍ബീര്‍ കപൂറിന് വെറുമൊരു ജോലിയല്ല, അടങ്ങാത്ത ആവേശമാണ്. വെള്ളിത്തിരയിലെ സൂപ്പര്‍താരമായി തിളങ്ങുമ്പോഴും താനൊരു കടുത്ത സിനിമാപ്രേമിയാണെന്നും പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോള്‍ സാധാരണ ആരാധകനെപ്പോലെ പെരുമാറാറുണ്ടെന്നും തുറന്നു പറയുകയാണ് രണ്‍ബീര്‍. ഏപ്രില്‍ 2-ന് ലോസ് ആഞ്ജലിസില്‍ നടന്ന ചടങ്ങിലാണ് തന്റെ കൗതുകകരമായ 'ഫാന്‍ബോയ്' അനുഭവങ്ങള്‍ താരം പങ്കുവെച്ചത്. 

ഹോളിവുഡ് സുന്ദരി നതാലി പോര്‍ട്ട്മാന്‍ തന്നെ ആട്ടിപ്പായിച്ചിട്ടുണ്ടെന്നും ലോകപ്രശസ്ത സംവിധായകന്‍ ക്വിന്റിന്‍ ടരന്റിനോ തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചിട്ടുണ്ടെന്നും രണ്‍ബീര്‍ വെളിപ്പെടുത്തി. ലോകപ്രശസ്ത താരം ബില്‍ മുറെയെ നേരില്‍ കണ്ട അനുഭവവും അദ്ദേഹം ഓര്‍ത്തെടുത്തു. 'കഴിഞ്ഞ 35 വര്‍ഷമായി എല്ലാ ദിവസവും ഒരു സിനിമയെങ്കിലും ഞാന്‍ കാണാറുണ്ട്. ഇന്ത്യയിലെ താരങ്ങളെ മാത്രമല്ല, യാത്രകളില്‍ വിദേശ താരങ്ങളെയും നേരില്‍ കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അല്‍ പാചിനോയെ ഒന്ന് കാണാന്‍ വേണ്ടി മൂന്ന് മണിക്കൂറോളമാണ് പുറത്ത് കാത്തുനിന്നത്. റോബര്‍ട്ട് ഡി നീറോയെ ഇന്ത്യയില്‍ വെച്ച് കാണാന്‍ സാധിച്ചു. അവരെയെല്ലാം ഞാന്‍ അത്രമേല്‍ ആരാധിക്കുന്നു.' - രണ്‍ബീര്‍ പറഞ്ഞു. 

തന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'യെക്കുറിച്ചും രണ്‍ബീര്‍ പരിപാടിയില്‍ മനസ്സ് തുറന്നു. ശ്രീരാമന്റെ വേഷം ചെയ്യുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്ന താരം, കോടിക്കണക്കിന് ആളുകള്‍ കാണുന്ന സിനിമയായതിനാല്‍ വലിയ ആദരവോടെയാണ് ഈ കഥാപാത്രത്തെ സമീപിക്കുന്നതെന്നും വ്യക്തമാക്കി. ഒരു നടന്‍ എന്ന നിലയില്‍ തന്റെ ധര്‍മ്മം സത്യസന്ധമായി ജോലി ചെയ്യുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവി സീതയായും, കെജിഎഫ് താരം യഷ് രാവണനായും എത്തുന്നു. സണ്ണി ഡിയോള്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more topics: # രണ്‍ബീര്‍
Ranbir Kapoor Recalls Crazy Fanboy Moment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES