.മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ നടക്കുമ്പോഴും രശ്മിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ഓരോ ശ്വാസത്തിനും വേണ്ടി പിടയുമ്പോഴും തോറ്റു കൊടുക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു. പക്ഷേ, ഒടുവില്‍ ആ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. കന്നഡ സീരിയലുകളിലൂടെ മലയാളികള്‍ക്കും പരിചിതയായ രശ്മി ഏകമകളേയും ഭര്‍ത്താവിനേയും തനിച്ചാക്കി മരണത്തിലേക്ക് പോയത് 37 വയസിലാണ്. ജീവിതം പൂര്‍ണ്ണമാകും മുന്‍പേ, പോരാട്ടവീര്യത്തിന്റെ കരുത്തുറ്റ പാഠങ്ങള്‍ ബാക്കിവെച്ച് ആ താരം യാത്രയാകുമ്പോള്‍ സിനിമാ ലോകം ഒന്നടങ്കം വിങ്ങുകയാണ്.
ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന രശ്മി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഭര്‍ത്താവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് മരണവാര്‍ത്ത പുറംലോകമറിഞ്ഞത്. ഏറെക്കാലമായി ശ്വാസകോശ രോഗങ്ങളോട് പൊരുതിയ രശ്മിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ കഠിനശ്രമങ്ങള്‍ ഒടുവില്‍ വിഫലമാവുകയായിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന രോഗം രശ്മിയെ വേട്ടയാടുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ശ്വാസകോശത്തെ ബാധിക്കുന്ന 'പള്‍മണറി ഫൈബ്രോസിസ്' എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ശ്വാസകോശ കോശങ്ങള്‍ നശിക്കുന്ന ഈ സാഹചര്യം രശ്മിയുടെ ജീവിതം ദുസഹമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് താരം ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.
രശ്മിയുടെ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായപ്പോള്‍ കന്നഡ സിനിമാ-ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകര്‍ ഒന്നടങ്കം സഹായഹസ്തവുമായി എത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപ സമാഹരിച്ചാണ് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ഏകദേശം 19 ലക്ഷം രൂപ ചെലവഴിച്ച് നടന്ന ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി താരം പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മരണത്തിലേക്ക് നയിക്കുകയായിരുന്നു.
അതീവ വേദനകള്‍ക്കിടയിലും പുഞ്ചിരിക്കുന്ന മുഖത്തോടെ സോഷ്യല്‍ മീഡിയയില്‍ രശ്മി സജീവമായിരുന്നു. എഐ ഉപയോഗിച്ചുള്ള തന്റെ മനോഹരമായ ചിത്രങ്ങള്‍ തുടര്‍ച്ചയായി നടി പങ്കുവയ്ക്കുമായിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നുള്ള രശ്മിയുടെ ചിത്രങ്ങളും വിഡിയോകളും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു. മരണം വരെ തളരാത്ത പോരാളിയായി രശ്മി നിലകൊണ്ടു.
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാനും ഈ ദമ്പതികള്‍ തങ്ങളുടെ ജീവിതം ഉപയോഗിച്ചിരുന്നു. ബെംഗളൂരുവില്‍ നടക്കുന്ന അന്ത്യകര്‍മ്മങ്ങളില്‍ സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒരു യോദ്ധാവിനെപ്പോലെ പോരാടി മടങ്ങിയ രശ്മിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് കലാലോകം.