'കെജിഎഫ്', 'സലാര്‍' തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍, തന്റെ അരങ്ങേറ്റ ആല്‍ബമായ 'ടൈറ്റന്‍' ലെ രണ്ടാമത്തെ സിംഗിള്‍ 'റോര്‍ ഓഫ് ടൊര്‍ണാഡോ' പുറത്തിറക്കി. ബസ്രൂരിന്റെ ഒഫീഷ്യല്‍ യൂട്യൂബ് പേജ് ആയ രവി ബസ്രൂര്‍ എന്റര്‍ടൈന്മെന്റ്‌സിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്യപ്പെട്ടത്. 'എവരി എന്‍ഡ് ഈസ് എ ബിഗിനിംഗ്' എന്ന തന്റെ ആദ്യ സിംഗിളിനു ശേഷം,രവി ബസ്രൂറിന്റേതായി റിലീസ് ചെയ്ത 'റോര്‍ ഓഫ് ടൊര്‍ണാഡോ' ഓര്‍ക്കസ്ട്ര, ട്രാന്‍സ് ഘടകങ്ങള്‍ സംയോജിപ്പിച്ച് വ്യത്യസ്തമായ സിനിമാറ്റിക് ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് (ഇഡിഎം) ശൈലി പിന്തുടരുന്നു. വരികള്‍ എഴുതി ഈ സിംഗിള്‍ ആലാപിച്ചിരിക്കുന്നത് ഐറാ ഉഡുപ്പിയാണ്.
ബസ്രൂരിന്റെ സിഗ്‌നേച്ചര്‍ ശൈലിയിലുള്ള ഇലക്ട്രോണിക് ബീറ്റുകളും സിംഫണിക് ക്രമീകരണങ്ങളും സംയോജിപ്പിച്ച 'റോര്‍ ഓഫ് ടൊര്‍ണാഡോ' ഇംഗ്ലീഷ് ഭാഷയിലാണ് രചിച്ചിട്ടുള്ളത്. സൂക്ഷ്മമായ വോക്കല്‍ എലെമെന്റ്‌സുകളും വേറിട്ട സംഗീതവും, ഭാഷാ അതിരുകള്‍ ഭേദിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ ആല്‍ബത്തെ എത്തിക്കുമെന്നതില്‍ സംശയമില്ല. ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ദീര്‍ഘവീക്ഷണമുള്ള ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ ബസ്രൂരിന്റെ ഈ സൃഷ്ടിയെ സംഗീതലോകം വളരെ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. കന്നഡ ഇന്‍ഡസ്റ്ററിയില്‍ തന്റെ കരിയര്‍ ആരംഭിച്ച ബസ്രൂര്‍ 'കെജിഎഫ്', 'സലാര്‍' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടി.
'റോര്‍ ഓഫ് ടൊര്‍ണാഡോ' യുടെ പോസ്റ്റര്‍ വളരെ പ്രത്യേകതകള്‍ തോന്നിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. തീക്ഷ്ണമായ ചുവപ്പും ഓറഞ്ചും നിറഞ്ഞ ഒരു ക്യാന്‍വാസില്‍, മാലാഖമാരുടെ ചിറകുകളും മൂര്‍ച്ചയേറിയ വാളുമേന്തി നില്‍ക്കുന്ന, മുഖംമൂടി ധരിച്ച ഒരു വ്യക്തി, ഈ ഒരു പോസ്റ്റര്‍ ഡിസൈന്‍ എന്തെല്ലാമോ നിഗൂഢതകള്‍ ഇതിലെ സംഗീതത്തില്‍ ഒളിഞ്ഞിരിക്കുന്നു എന്ന ഒരു പ്രതീതി നല്‍കുന്നു.