'ബാഹുബലി', 'ആര്‍.ആര്‍.ആര്‍.' തുടങ്ങിയ വിസ്മയചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ്.എസ്. രാജമൗലി തനിക്ക് ദൈവത്തില്‍ വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞു. ഹൈദരാബാദില്‍ നടന്ന തന്റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
തന്റെ പിതാവ് ഹനുമാന്‍ സ്വാമി കാര്യങ്ങള്‍ പിന്നില്‍ നിന്ന് ശ്രദ്ധിച്ചുകൊള്ളും എന്ന് പറഞ്ഞതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ദേഷ്യം വരുന്നുണ്ടെന്ന് രാജമൗലി പറഞ്ഞു. 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യക്ക് ഹനുമാന്‍ സ്വാമിയോടുള്ള ഇഷ്ടത്തെക്കുറിച്ചും അവരുടെ സംസാരത്തെക്കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം, ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ തനിക്ക് വല്ലാതെ ദേഷ്യം വന്നതായും വ്യക്തമാക്കി.
ഹിന്ദു പുരാണങ്ങളെ തന്റെ സിനിമകളില്‍ സമന്വയിപ്പിക്കുന്നതില്‍ പ്രാവീണ്യം നേടിയ രാജമൗലിയുടെ വാക്കുകള്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. 'ബാഹുബലി' പോലുള്ള സിനിമകള്‍ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും, 'വാരണാസി' എന്ന പേര് തിരഞ്ഞെടുത്ത് പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ദൈവവിശ്വാസമില്ലെന്ന് പറയുന്നതിലെ വൈരുധ്യം പലരും ചൂണ്ടിക്കാണിക്കുന്നു. ഇത് ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുമെന്നും, ഇത്രയും നിലവാരമുള്ള ഒരാളില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
മറ്റു താരങ്ങള്‍ മഹേഷ് ബാബുവില്‍ നിന്ന് കണ്ടു പഠിക്കേണ്ട ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് രാജമൗലി. സിനിമ സെറ്റില്‍ എത്തി തിരിച്ച് ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന വരെ മഹേഷ് ബാബു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് പറയുകയാണ് രാജമൗലി.'മഹേഷ് ബാബുവിന്റെ സ്വഭാവത്തില്‍ നിന്നും നമുക്കെല്ലാവര്‍ക്കും ഒരു കാര്യം പഠിക്കാനുണ്ട്. എല്ലാവരും പഠിക്കേണ്ട ഒന്ന്. മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിലേക്കോ വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടില്ല. അദ്ദേഹം എട്ട് മണിക്കൂര്‍ ജോലി ചെയ്യും, തിരികെ പോകുമ്പോള്‍ മാത്രമേ മൊബൈല്‍ ഫോണ്‍ നോക്കൂ', രാജമൗലി പറഞ്ഞു. മഹേഷ് ബാബുവിനെ ആദ്യം ശ്രീരാമന്റെ വേഷത്തില്‍ കണ്ടപ്പോള്‍ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും ആ ചിത്രം ഫോണില്‍ വോള്‍പേപ്പര്‍ ആക്കിയിരുന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു.