തെന്നിന്ത്യന്‍ സിനിമാ താരം സമാന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. രാജ് നിദിമോരുവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം സമാന്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ ജീവിതത്തില്‍ എടുത്ത ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സമാന്തയുടെ പോസ്റ്റ്.
തന്റെ പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ച് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സമാന്ത പങ്കുവെച്ചത്. ഇതില്‍ അതിഥിയായി സുഹൃത്ത് തമന്നയും എത്തിയിരുന്നു. 'ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വര്‍ഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാന്‍ എടുത്തത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു, ഉള്‍പ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്,' സമാന്ത കുറിച്ചു.
താന്‍ കണ്ടുമുട്ടിയതില്‍ വെച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാര്‍ഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പങ്കുവെച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് രാജ് നിദിമോരുവിനൊപ്പം ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രമായിരുന്നു. ഈ ചിത്രങ്ങള്‍ക്കൊടുവില്‍ 'ഒന്നും ഒളിക്കാനില്ല' എന്ന ഹാഷ്ടാഗും സമാന്ത ചേര്‍ത്തിട്ടുണ്ട്. ഇത് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കുകയാണോ എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.
സമാന്തയും രാജ് നിദിമോരുവും തങ്ങള്‍ 'ദി ഫാമിലി മാന്‍ 2' എന്ന വെബ് സീരീസില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന് ശേഷം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഇരുവരും അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2021-ല്‍ നടന്‍ നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.