സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു; പോസ്റ്ററില്‍ മുഖം മാത്രം മതി സിനിമ വിജയം നേടാന്‍; ഷാരൂഖ് ചിത്രത്തില്‍ ക്ഷണിച്ചെങ്കിലും പിന്മാറി; ഷക്കീലയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
topbanner
സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു; പോസ്റ്ററില്‍  മുഖം മാത്രം മതി സിനിമ വിജയം നേടാന്‍; ഷാരൂഖ് ചിത്രത്തില്‍ ക്ഷണിച്ചെങ്കിലും പിന്മാറി; ഷക്കീലയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ

ക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. റിച്ച ഛദ്ദ ഷക്കീലയായി എത്തുമ്പോള്‍ രാജീവ് പിള്ളയാണ് നായകനായി എത്തുന്നത്. കന്നഡ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഷക്കീല. ചിത്രത്തില്‍ പങ്കജ് ത്രിപാഠി,കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പകുതിയിലേറെ ഭാഗം ഷൂട്ടിങ് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രം അണിയറയില്‍ പുരോഗമിക്കുമ്പോള്‍ ഷക്കീലയുടെ ജീവിതകഥയിലെ വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് സംവിധായകന്‍ ലങ്കേഷ്. ഷക്കീലയുടെ ജീവിതം തന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നാണ് ലങ്കേഷ് പറയുന്നത്. ഒരു കാലത്ത് വര്‍ഷം 190 സിനിമകളില്‍ വരെ ഷക്കീല അഭിനയിച്ചിട്ടുണ്ട്. അവരുടെ ചില ചെറിയ ചിത്രങ്ങള്‍ പോലും അഞ്ച് കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. പോസ്റ്ററില്‍ അവരുടെ മുഖം മാത്രം മതി സിനിമ വിജയം നേടാന്‍ - ലങ്കേഷ് പറഞ്ഞു.

ഷക്കീലയുടെ ബാല്യകാലം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ അവര്‍ നടത്തിയ തിരഞ്ഞെടുപ്പുകള്‍, എങ്ങനെയാണ് സിനിമയിലേക്ക് വന്നത്, ഇപ്പോള്‍ ഉള്ള ഇമേജ് എങ്ങനെ ഉണ്ടായി, ജീവിതത്തില്‍ അവര്‍ അനുഭവിച്ച കഷ്ടതകള്‍ തുടങ്ങി എല്ലാം ഉള്‍പ്പെട്ടതാണ് തന്റെ സിനിമയെന്ന് ലങ്കേഷ് കൂട്ടിച്ചേര്‍ത്തു.തന്റെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഒന്നും അരിച്ചുമാറ്റാതെ തുറന്നുപറയുന്ന പ്രകൃതക്കാരിയാണ് ഷക്കീല,' ഒപ്പം ഒരു പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ സ്ത്രീയുടേയും അറിയപ്പെടാത്ത കഥയാണ് ഷക്കീലയുടേതെന്ന്' സംവിധായകന്‍ ലങ്കേഷ് അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ താനായിട്ട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും ഷക്കീല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല വ്യക്തമാക്കിയത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഇരിക്കെയാണ് ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നത്. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും ഷക്കീല പറഞ്ഞു.

തനിക്ക് സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നുവെന്നും മലയാളത്തെ ഉദ്ദേശിച്ചു ഷക്കീല വെളിപ്പെടുത്തുന്നു. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. എനിക്കോര്‍മയുണ്ട് അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. സത്യത്തില്‍ എന്റെ സിനിമകള്‍ക്ക് സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചുവെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

Read more topics: # Shakeela,# Life Story,# New Filim
Shakeela,Life Story,New Filim

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES