ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നവരാണ് സൂപ്പര്‍ താരങ്ങളെല്ലാം. നടന്‍ മോഹന്‍ലാലിന്റെ ഡ്രൈവറായെത്തി ഇപ്പോള്‍ സിനിമാ നിര്‍മ്മാണം തന്നെ ആരംഭിച്ച ആന്റണി പെരുമ്പാവൂരാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. നടന്‍ മമ്മൂട്ടിയും വ്യത്യസ്തനല്ല. അടുത്തിടെ നടന്ന ഡ്രൈവറുടെ മകന്റെ വിവാഹത്തിന് മമ്മൂട്ടിയും ഭാര്യയും ദുല്‍ഖറും ഒക്കെ കുടുംബസമേതമാണ് പങ്കെടുക്കാന്‍ എത്തിയതും അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നതും. ഇപ്പോഴിതാ, ശ്രീനിവാസനും അതേ പട്ടികയിലേക്കാണ് എത്തിയിരിക്കുന്നത്. ശാരീരികമായി ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും തന്റെ സഹായമായി കഴിഞ്ഞ 17 വര്‍ഷമായി ഒപ്പമുള്ള ഡ്രൈവര്‍ക്ക് ഒരു വീട് സമ്മാനിച്ചിരിക്കുകയാണ് നടന്‍. ഇക്കഴിഞ്ഞ വിഷു ദിനത്തിന്റെ തലേ ദിവസമായിരുന്നു വീടിന്റെ പാലുകാച്ച്. ശ്രീനിവാസനും ഭാര്യ വിമലയും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഭാര്യയും മകളും അടക്കമാണ് ആഘോഷകരവും സന്തോഷകരവുമായ ആ ചെറിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
എറണാകുളം ജില്ലയിലെ ഉദയംപേരൂരിനടുത്തുള്ള കണ്ടനാടാണ് ശ്രീനിവാസന്‍ ഇപ്പോള്‍ താമസിക്കുന്നത്. അവിടെ തന്നെയാണ് തന്റെ ഡ്രൈവര്‍ക്കുള്ള വീടും അദ്ദേഹം പണിതത്. പണികളെല്ലാം പൂര്‍ത്തിയായപ്പോള്‍ എത്രയും പെട്ടെന്ന് പാലുകാച്ചു നടത്താനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വിഷുവിന് മുമ്പുള്ള ശുഭദിവസം തെരഞ്ഞെടുത്തത്. തുടര്‍ന്ന് വീട്ടിലെ തിരക്കില്‍ ഡ്രൈവര്‍ ആയപ്പോള്‍ കറുത്ത കാറ് ഓടിച്ചത് അച്ഛനേയും അമ്മയേയും കുടുംബത്തേയും കൊണ്ടു വന്നത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കൈപിടിച്ച് വാഹനത്തില്‍ നിന്നും ഇറക്കാന്‍ ഡ്രൈവര്‍ ഓടിയെത്തിയിരുന്നു. പിന്നാലെ വിമല കൂടി എത്തിയശേഷമാണ് പതുക്കെ പതുക്കെ നടന്ന് ശ്രീനിവാസന്‍ വീട്ടിലേക്ക് കയറിയത്. സന്തോഷ നിമിഷമായിരുന്നു അത്.
ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമായി വളരെ ചെറിയ ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. വീടിനകത്തേക്ക് കയറവേ കയ്യില്‍ കൊന്നപ്പൂവുമായാണ് ശ്രീനിവാസന്‍ എത്തിയത്. അകത്തേക്ക് കയറി വീട്ടിലെ ഹാളില്‍ അദ്ദേഹം ഇരുന്നപ്പോള്‍ വീടൊക്കെ നടന്നു കണ്ട കുടുംബം പിന്നീട് പാലുകാച്ച് ചടങ്ങിലേക്കാണ് പോയത്. വിമലയാണ് ഗ്യാസ് സ്റ്റൗ കത്തിച്ച് പാലു കാച്ചിയത്. മറ്റു ചടങ്ങുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നില്‍ ധ്യാന്‍ ശ്രീനിവാസനും ഉണ്ടായിരുന്നു. 17 വര്‍ഷം തനിക്കൊപ്പം ഉണ്ടായിരുന്ന, അനാരോഗ്യ കാലത്ത് സ്വന്തം കാര്യം പോലും മറന്ന് ഒപ്പം നിന്ന ഡ്രൈവര്‍ക്ക് ഇതു നല്‍കിയാല്‍ പോരാ എന്ന ചിന്തയാണ് ഇപ്പോഴും ശ്രീനിവാസനുള്ളത്. മക്കള്‍ രണ്ടുപേരും തിരക്കിലും ഷൂട്ടിലും യാത്രകളിലും ഒക്കെയാകുമ്പോള്‍ എപ്പോഴും ശ്രീനിവാസനും ഭാര്യയ്ക്കും ഒപ്പമുണ്ടാകുന്നത് ഈ ഡ്രൈവറാണ്.
എന്തെങ്കിലും വയ്യായ്ക വന്നാലോ ബുദ്ധിമുട്ടുണ്ടായാലോ ഒരു മകനായി തന്നെ നിന്നാണ് ഡ്രൈവര്‍ കാര്യങ്ങളെല്ലാം ചെയ്യുന്നതും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതും. ആ സ്നേഹവും മനസുമാണ് ശ്രീനിവാസന്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിക്കാന്‍ കാരണവും.