മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് പത്ത് വര്‍ഷം തികയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ഓര്‍മ്മകളുമായി എത്തുകയാണ്. പതിവ് തെറ്റാതെ സംവിധായകന്‍ വിനയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. മണിയ്ക്ക് അര്‍ഹമായ ആദരവ് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് വിനയന്‍ പറയുന്നത്.
മണിയുടെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയില്‍ തരിശുഭൂമിയായി കിടക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നേരത്തേയും മണിയുടെ സ്മാരകം പൂര്‍ത്തിയാകാതെ തുടരുന്നതിനെതിരെ വിനയന്‍ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മണിയെ മറന്നു പോകുന്നതെന്നാണ് വിനയന്‍ ചോദിക്കുന്നത്.
വിനയന്റെ കുറിപ്പ്:
''കലാഭവന്‍ മണി ഓര്‍മ്മയായിട്ട് പത്തു വര്‍ഷം.. മലയാളത്തിന് അഭിമാനമായ മനുഷ്യ സ്നേഹിയായ ആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയില്‍ തരിശു ഭൂമിയായി കിടക്കുന്നു.. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവന്‍ മണിയെ മറന്നു പോകുന്നു... ഓര്‍മ്മപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാന്‍ എഴുതുകയും ബഹു സാംസ്‌കാരിക മന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്... ജീവിച്ചിരിക്കുന്ന പല സാംസ്‌കാരിക നായകരും പരിഗണയ്കായി സര്‍ക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് നമ്മള്‍ കണ്ടു..പക്ഷേ മണി മരിച്ചു പോയില്ലേ... സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും വിനയന്‍ കുറിച്ചത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ മണിയോടുള്ള അടുപ്പവും മണി ചെയത സഹായങ്ങളെക്കുറിച്ചുമാണ് കുറിപ്പ് പങ്ക് വച്ചത്.തൊഴില്‍ ഇല്ലാത്തവര്‍ക്ക് ഓട്ടോറിക്ഷ, വായനാശാല, പോലീസ് സ്റ്റേഷന് വേണ്ടി കെട്ടിടം, അങ്ങനെ മണി ചെയ്ത സഹായങ്ങളും സേവനങ്ങളുമെല്ലാം സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. ചാലക്കുടിക്കാരും ജനങ്ങളും മണിയോടു തിരിച്ചു കാണിച്ച സ്നേഹം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം പുനര്‍ജനിക്കുമായിരുന്നു എന്നാണ് സിദ്ധു പനയക്കലിന്റെ വാക്കുകള്‍.
സിദ്ധു പനയ്ക്കലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: പത്തുവര്‍ഷം എത്ര പെട്ടെന്നാണ് കടന്നു പോയത്
പഴയ സിനിമ ഡയറികള്‍ പൊടിതട്ടി വെക്കുന്നതിനിടയില്‍ ഒരു ചെറിയ സ്‌ക്രിപ്‌ളിങ്ങ്പാഡ് നിലത്തു വീണു.സല്ലാപം എന്ന സിനിമയുടേതാണ്.വെറുതെ ഒന്നു കണ്ണോടിച്ചു.ആര്‍ടിസ്റ്റ് ടെക്നിഷ്യന്‍ എന്നിവറുടെ പേരും നമ്പറും. ലിസ്റ്റില്‍ ചാലക്കുടി മണി എന്ന പേരില്‍ എന്റെ കണ്ണുകള്‍ ഉടക്കി.
ഓര്‍മ്മകള്‍ കുറച്ചു പിന്നോട്ട് പോയപ്പോള്‍ സല്ലാപത്തിന്റെ ആര്‍ട്ടിസ്റ്റ് ലിസ്റ്റുമായി ഞാന്‍ ലോഹി സാറിന്റെയും സുന്ദര്‍ദാസിന്റെയും മുന്നില്‍. ആരാ ഈ ചാലക്കുടി മണി എന്റെ ചോദ്യം.സിബി സാറിന്റെ പടത്തില്‍ ഓട്ടോ ഓടിക്കാന്‍ വന്നില്ലേ അയാള്‍..സുന്ദരത്തിന്റെ മറുപടി. സുന്ദരത്തിന്റെ ശുപാര്‍ശയില്‍ സിബി സാറിന്റെ പടത്തില്‍ ഓട്ടോ ഓടിക്കാന്‍ വന്ന മണിയെ എനിക്കോര്‍മവന്നു.സല്ലാപത്തിന്റെ ഷൂട്ടിംഗ് സമയത്ത് രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ വൈകീട്ട് മണി എന്റെ അടുത്തെത്തും. ഇന്ന് രാത്രി ഒരു പ്രോഗ്രാം ഉണ്ട് പോകണം ലോഹി സാറും സുന്ദറേട്ടനും അറിയണ്ട രാവിലെ ഷൂട്ടിംഗ് ന് മുന്‍പ് എത്തിക്കോളാം ചേട്ടന്‍ ഒന്ന് ഹെല്പ് ചെയ്യണം.നല്ലൊരു വേഷം സിനിമയില്‍ കിട്ടിയിട്ട് ഇടക്ക് പ്രോഗ്രാമിനു പോകണം എന്ന് സംവിധായകനോട് പറയാനുള്ള മടിയോ അതോ അവരുടെ പ്രതികരണം എന്താവും എന്നുള്ള ഭയമോ ആവാം എന്നെ സമീപിക്കാന്‍ മണിയെ പ്രേരിപ്പിച്ചത്.കഴിയുന്ന സഹായം ഞാന്‍ ചെയ്തു കൊടുത്തിട്ടുണ്ട്.
സിനിമയിലെ ഭാവി എന്താകും എന്നറിയാതത്തുകൊണ്ട് ജീവിത മാര്‍ഗങ്ങളില്‍ ഒന്നായ മിമിക്രി കൈ വിടാനും മണിക്ക് മനസില്ലായിരുന്നു. പിന്നീടങ്ങോട്ട് സിനിമാ താരത്തിന്റെ പകിട്ടുകൂടി കൈ വന്നതോടെ സ്റ്റേജ് ഷോകളിലെ ഏറ്റവും ജനപ്രിയനും ജനകീയനും ആയി മണി മാറിയത് ചരിത്രം.
നാടന്‍ പാട്ടുകള്‍ സാധാരണക്കാരുടെ മനസിലും ചുണ്ടിലും തത്തികളിച്ചതില്‍ മണിക്കുള്ള പങ്ക് ആര്‍ക്കും വിസ്മരിക്കാനാവില്ല.ചാലക്കുടിക്കാരന്‍ മണി കലാഭവന്‍ മണിയായാണ് സിനിമയില്‍ അറിയപ്പെട്ടതെങ്കിലും ചാലക്കുടിക്കാര്‍ക്കെന്നും മണിയായിരുന്നു..മണിച്ചേട്ടനായിരുന്നു അദ്ദേഹം.പച്ചയായ ചാലക്കുടിക്കാരന്‍ .രാഷ്ട്രീയം മതം ഇവയുടെ സ്വാധീനവും സഹകരണവും ഇല്ലാതെ വ്യക്തിപരമായി ചാലക്കുടിക്കാരെ ഇത്രമാത്രം സഹായിച്ച മറ്റൊരാള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല.
സ്വന്തം ചിലവില്‍ ഉത്സവം പെരുന്നാള്‍ എന്നിവ നടത്തുക, അവിടേക്കു സിനിമയിലെ സൂപ്പര്‍ താരങ്ങളെ കൊണ്ടുവരിക,തന്റെ നാട്ടിലെ ഓരോ ആഘോഷങ്ങളും സന്തോഷത്തോടെ മണി ഏറ്റെടുത്തു.ഓണം, വിഷു,ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ നാട്ടുകാര്‍ക്ക് അവരുടെ മനസ് നിറയുന്ന രീതിയില്‍ വിഷുകൈനീട്ടം,അരി, കോടിമുണ്ട്... മണിയുടെ സന്തോഷം സ്വീകരിച്ച ചാലക്കുടിക്കാര്‍ക്കറിയാം ആ കലാകാരന്റെ മഹത്വം.
തൊഴില്‍ഇല്ലാത്തവര്‍ക്ക് ഓട്ടോറിക്ഷ, പോലീസ്സ്‌സ്റ്റേഷന് വേണ്ടി കെട്ടിടം, വായനശാല, കമ്പ്യൂട്ടര്‍സെന്റര്‍,psc കോച്ചിങ്,ഡാന്‍സ് സ്‌കൂള്‍,ഗവണ്മെന്റ് സ്‌കൂളിലേക്ക് സ്‌കൂള്‍ ബസ് ധനസഹായം ആവശ്യംഉള്ളവര്‍ക്ക് അത്.. അങ്ങിനെ എണ്ണിയാല്‍ തീരില്ല മണി ചെയ്ത സഹായങ്ങളും സേവനങ്ങളും.
ജാതി മതഭേധമില്ലാതെ വര്‍ഗ്ഗ വര്‍ണ്ണ വിത്യാസമില്ലാതെ കുബേര കുചേല തരംതിരിവില്ലാതെ എല്ലാവര്‍ക്കും പ്രാപ്യനായിരുന്നു മണി. തങ്ങളില്‍ ഒരാളാണ് എന്ന് എല്ലാവരെയും തോന്നിപ്പിച്ചതാണ് മണിയുടെ വിജയ ഘടകങ്ങളില്‍ ഒന്ന്.
ഒരു പാചക വിദഗ്ദ്ധന്‍ കൂടിയായിരുന്നു മണി.മണി പാചകം ചെയ്ത ഭക്ഷണം ഞാന്‍ പല തവണ കഴിച്ചിട്ടുണ്ട്.കുടജാദ്രിയിലെ പൂജാരിയുടെ വീട്ടിലെ അത്താഴത്തിനെ പറ്റി ലാലേട്ടന്‍ ഋതുമര്‍മരങ്ങള്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.ആവിപറക്കുന്ന കുത്തരിച്ചോറും മോരും കടുമാങ്ങഅച്ചാറും,വായിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും.തന്റെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ അത്താഴം എന്നാണ് ലാലേട്ടന്‍ അതിനെ വിശേഷിപ്പിച്ചത്.
മണിയുടെ പാചകത്തെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്കും തോനുന്നു ആസ്വാദ്യകര്മായിരുന്നു മണിയുടെ പാചകം.തന്റെ ഒളിവിലെ ഓര്‍മകളില്‍ തോപ്പില്‍ ഭാസി ഇങ്ങനെ പറയുന്നുണ്ട് ഒറ്റവാക്കില്‍ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ പറയും പൂര്‍ണതയാണ് കല പൂര്‍ണതയാണ് സൗന്ദര്യം എന്ന്...അങ്ങിനെ നോക്കുമ്പോള്‍ കലയുടെ പൂര്‍ണതയായിരുന്നു മണി.
കേരളം കടന്ന് മണിയുടെ പുകള്‍ തമിഴിലും തെലുങ്കിലും വ്യാപിച്ചപ്പോഴും ദന്തഗോപുരവാസി ആവാതെ ചാലക്കുടിയുടെ മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന മനുഷ്യനാവാന്‍ മണിക്ക് കഴിഞ്ഞു.സല്ലാപം മുതല്‍ മണിയുടെ വളര്‍ച്ചക്ക് സാക്ഷിയാണ് ഞാന്‍. അവസാനം കണ്ടപ്പോഴും സല്ലാപത്തില്‍ കണ്ട അതേ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്താന്‍ മണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ചാലക്കുടി ക്കാര്‍ക്ക് മണി എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് അദ്ദേഹം വിടപറഞ്ഞ ദിവസം അവര്‍ ലോകത്തിനു കാണിച്ചു കൊടുത്തു. മണി തങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം അതേനാണയത്തില്‍ അവര്‍ തിരിച്ചു നല്‍കി.ഒപ്പം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു അത്. ഞാനും ആന്റണി പെരുമ്പാവൂരും അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയെങ്കിലും ആ പ്രദേശതെക്കോന്നും എത്തിപെടാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങള്‍ക്കെന്നല്ല പല പ്രമുഖര്‍ക്കും അതിന് കഴിഞ്ഞില്ല.അതായിരുന്നു ചാലക്കുടിക്കാരും ജനങ്ങളും മണിക്ക് തിരിച്ചു കൊടുത്ത സ്‌നേഹം.ആ സ്‌നേഹം കാണാന്‍ മണിക്ക് കഴിഞ്ഞിരുന്നു എങ്കില്‍ തീര്‍ച്ചയായും അദ്ദേഹം പുനര്‍ജനിക്കുമായിരുന്നു.
സല്ലാപത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഷൊര്‍ണുര്‍ ബസ്സ്സ്റ്റാന്റില്‍ നിന്ന് ബസിന്റെ ഫുട്ട് ബോര്‍ഡില്‍ തൂങ്ങി നിന്ന് കൈ വീശിക്കാണിച്ചു മണി പോയത് സിനിമയുടെ ഉയരങ്ങളിലേക്കായിരുന്നു.10 വര്‍ഷം മുന്‍പ് വിടപറഞ്ഞു മണി പോയത് ജനഹൃദയങ്ങളിലേക്കും