വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ വള്ളത്തിന്റെ ക്യാപ്റ്റനായി നടന്‍ രഞ്ജിത് സജീവ്. കൊല്ലത്തും കോട്ടയത്തും കുടുംബവേരുകളുള്ള താരത്തിനു വള്ളംകളിയുടെ ആവശം ഒട്ടും ചോരാതെയുണ്ടെങ്കിലും വള്ളം കളിയുടെ ക്യാപ്റ്റനാകുന്നത് പുതുമയുള്ള വിശേഷമാണ്. ഗോളം, ഖല്‍ബ്, മൈക്ക് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ യുവനടന്‍ 'ഹാഫ്' എന്ന സിനിമയുടെ ചിത്രീകരണത്തിരക്കുകള്‍ക്കിടയിലാണു രാജസ്ഥാനില്‍ നിന്ന് കരുവാറ്റയിലെ പരിശീലന ക്യാംപില്‍ എത്തിയത്.
കാരിച്ചാല്‍ ചുണ്ടന്‍ വള്ളത്തിന്റെ ക്യാപ്റ്റനായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍:
''ഞാന്‍ വള്ളംകളി ഇതുവരെ ടിവിയിലേ കണ്ടിട്ടുള്ളൂ. പക്ഷേ ഇത്തവണ വള്ളത്തിലെ പരിശീലനത്തില്‍ പങ്കെടുത്തതോടെ ഞാനും വള്ളംകളി ആരാധകനായി . കാരിച്ചാലിന്റെ തുഴച്ചിലുകാരെ കണ്ടു പ്രോത്സാഹിപ്പിക്കാനാണ് വന്നതെങ്കിലും മടങ്ങാന്‍ കഴിഞ്ഞില്ല. വള്ളത്തിലെ പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു.
അത്‌ലറ്റിക്‌സ് ഉള്‍പ്പെടെ കായിക ഇനങ്ങള്‍ ഇഷ്ടമാണ്. അങ്ങനെയാണു വള്ളംകളിയിലേക്ക് എത്തിയത്. ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുമ്പോഴും വള്ളംകളിയെന്ന വികാരമോ വള്ളത്തില്‍ നിന്നു നില്‍ക്കുമ്പോഴുള്ള ആവേശമോ മത്സരത്തിന്റെ വീറും വാശിയുമോ ഒന്നും അറിയില്ലായിരുന്നെങ്കിലും ടീമിനൊപ്പം ചേര്‍ന്നതോടെ കഥ മാറി. അവരുടെ ആവേശം ഞാനും അറിഞ്ഞു. മത്സര സമയത്തും വള്ളത്തില്‍ കയറണമെന്നാണു കരുതുന്നത്. മികച്ച ടീമാണു കാരിച്ചാലിന്റേത്. കടുത്ത പരിശീലനത്തിലൂടെയാണു കടന്നുപോയത്. പുന്നമടയില്‍ കാരിച്ചാലിന്റെ തേരോട്ടം കാണാന്‍ കാത്തിരിക്കുന്നവര്‍ നിരാശപ്പെടില്ല. ക്യാപ്റ്റന്റെ ഉറപ്പ്.''- നടന്‍ രഞ്ജിത് സജീവ് പറയുന്നു.
കാരിച്ചാല്‍ ചുണ്ടില്‍ സ്വന്തം ടീം ഇതാദ്യമായാണ് തുഴയുന്നതെങ്കിലും ട്രാക്ക് എന്‍ട്രിയിലെ പ്രകടനം മറ്റു ടീമുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ നഗരത്തിലാണു ഖല്‍ബ് ഷൂട്ട് ചെയ്തത്. അങ്ങനെയാണ് തനിക്ക് മുല്ലയ്ക്കല്‍ തെരുവും ആലപ്പുഴ ബീച്ചുമൊക്കെ കുറച്ചും കൂടി പരിചിതമായെന്നാണ് നടന്‍ പറഞ്ഞത്. വള്ളംകളി കഴിഞ്ഞാല്‍ രഞ്ജിത് സജീവ് ഹാഫിന്റെ ലൊക്കേഷനിലേക്കു മടങ്ങും.