കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് അടുത്ത സുഹൃത്തും നടനുമായ ഷാ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ്, ദുരന്തത്തിന് ശേഷമുള്ള വിജയിയുടെ മാനസികാവസ്ഥ ഷാം തുറന്നുപറഞ്ഞത്. ആ സംഭവത്തിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കാനായതെന്നും ഓണ്‍ ദി ഡേറ്റ് വിത്ത് അഷര്‍ പോഡ്കാസ്റ്റില്‍ ഷാം പറഞ്ഞു. വിജയിയുമായി താന്‍ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്.
'ദിവസേന അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സംസാരിക്കാറുണ്ട്,' ഷാം പറഞ്ഞു. എന്നാല്‍, തന്റെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തം വിജയിയെ വല്ലാതെ തകര്‍ത്തു. 'കരൂര്‍ സംഭവത്തിന് ശേഷം അദ്ദേഹം വല്ലാതെ ഹൃദയം തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു,' ഷാം വെളിപ്പെടുത്തി.
തന്റെ രാഷ്ട്രീയ റാലിക്കിടെ ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചതില്‍ വിജയിക്ക് അതിയായ കുറ്റബോധമുണ്ടായിരുന്നു. ഈ കടുത്ത മനോവിഷമം കാരണം സംഭവം നടന്ന് ഒരാഴ്ചയെങ്കിലുമെടുത്തു ഷാമിന് വിജയ്യുമായി സംസാരിക്കാന്‍. 'ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താന്‍ ഓക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു,' ഷാം ഓര്‍ത്തെടുത്തു. ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയതെന്നും ഷാം കൂട്ടിച്ചേര്‍ത്തു.
തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ കരൂര്‍ റാലിയിലെ തിക്കുംതിരക്കും കാരണം 41-ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ ദുരന്തത്തെ തുടര്‍ന്ന് തമിഴക വെട്രി കഴകം (TVK) നേതാവായ വിജയ് കുറച്ചുനാളത്തേക്ക് പൊതുപരിപാടികള്‍ നിര്‍ത്തിവെക്കുകയും ദുരിതബാധിതരായ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.