മലയാളത്തില്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു നടി മാധവി. അതില്‍ ഇപ്പോഴും നിത്യവിസ്മയമായി തിളങ്ങിനില്‍ക്കുന്നത് 'ഒരു വടക്കന്‍ വീരഗാഥ'യിലെ ഉണ്ണിയാര്‍ച്ചയും 'ആകാശദൂതി'ലെ ആനിയും ആണ്. ഹൈദരാബാദുകാരിയായി ജനിച്ച മാധവി 14ാം വയസില്‍ സിനിമയിലേക്ക് എത്തിയ ശേഷം തുടര്‍ച്ചയായി 20 വര്‍ഷമാണ് തിളങ്ങി നിന്നത്. ഒരു പ്രണയത്തില്‍ പോലും പെടാതെ കരിയര്‍ മാത്രം ലക്ഷ്യം വച്ച് മുന്നോട്ടു പോയ മാധവി ഒരു ചീത്തപ്പേര് പോലും സമ്പാദിച്ചിട്ടുമില്ല. മോഹിപ്പിക്കുന്ന സൗന്ദര്യവുമായി തെന്നിന്ത്യയൊട്ടാകെ പാറിനടന്ന മാധവിയെ കാത്തിരുന്നതും ഒരു രാജകീയ ജീവിതം തന്നെയായിരുന്നു.
കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ഥ പേര്. സിനിമയില്‍ വന്നശേഷമാണ് മാധവി എന്ന പേര് സ്വീകരിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഭരതനാട്യവും കഥകും പഠിച്ച മാധവി ആയിരത്തിലേറെ വേദികളില്‍ നൃത്തം അവതരിപ്പിച്ച് കയ്യടി നേടുന്ന കാലത്താണ് 14-ാം വയസില്‍ നായികയായി തെലുങ്ക് സിനിമയിലും അരങ്ങേറിയത്. ആദ്യചിത്രം തന്നെ ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണവും സ്വന്തമായി. ചിരഞ്ജീവി അടക്കമുളള മുന്‍നിര നായകന്‍മാര്‍ക്കൊപ്പമുള്ള കഥാപാത്രങ്ങളായിരുന്നു മാധവിയെ തേടിയെത്തിയത്. അമിതാഭ് ബച്ചന്റെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും എല്ലാം നായികയായി ബോളിവുഡില്‍ ചുവടുപ്പിറച്ച മാധവി പിന്നീട് ഏഴു ഭാഷകളില്‍ ഒരേ സമയം അഭിനയിച്ചു. നാടന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം മോഡേണ്‍ വേഷങ്ങളിലും തിളങ്ങാന്‍ കഴിഞ്ഞു. അഭിനയത്തില്‍ മാത്രമല്ല കാഴ്ചയിലും ഒരേ സമയം തനി നാടന്‍ പെണ്ണായും അള്‍ട്രാ മോഡേണ്‍ കുട്ടിയായും മാധവിയ്ക്ക് മാറാന്‍ സാധിച്ചു.
സൂപ്പര്‍ നടിയായും ആഢംബരപൂര്‍ണമായ ജീവിതം നയിക്കുമ്പോഴും സ്വാമി രാമ മാധവിയുടെ ആത്മീയ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയ മാധവി മറ്റ് നടികളെ പോലെ പ്രണയക്കുരുക്കുകളില്‍ അകപ്പെടാതെ സ്വയം രക്ഷിച്ചു പോരുകയായിരുന്നു. സ്വാമിയുടെ ഭക്തരില്‍ ഒരാളായിരുന്നു യു.എസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായിയായ റാല്‍ഫ് ശര്‍മ്മ. പാതി ഇന്ത്യനും പാതി ജര്‍മ്മനുമായിരുന്നു അദ്ദേഹം. 32ാം വയസ്സില്‍ സ്വാമി രാമയുടെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയന്‍സ് ആന്‍ഡ് ഫിലോസഫി എന്ന പ്രസ്ഥാനത്തില്‍ വച്ചാണ് ശര്‍മ്മ ആദ്യമായി മാധവിയെ കാണുന്നത്. അദ്ദേഹവും മാധവിയും തമ്മിലുള്ള വിവാഹത്തെ കുറിച്ച് സ്വാമി സൂചിപ്പിക്കുകയും ആ നിര്‍ദ്ദേശം ഇരുവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു.
ഇതോടെയാണ് വിവാഹം കഴിച്ച് അതിനു ശേഷം അഭിനയം അവസാനിപ്പിച്ച് യു.എസില്‍ ചേക്കേറിയ മാധവിയുടെ ഇന്നത്തെ ലോകം ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ബിസിനസുകളുമാണ്. മക്കളില്‍ ഒരാള്‍ കാഴ്ചയില്‍ മാധവിയുടെ ഫോട്ടോ കോപ്പിയാണ്. ടിഫാനി, പ്രിസില്ല, എവ്‌ലിന്‍ എന്നിങ്ങനെയാണ് മക്കളുടെ പേര്. അത്യാഡംബരപൂര്‍ണമായ ജീവിതമാണ് അവര്‍ നയിക്കുന്നത്. 44 ഏക്കറിന് നടുവിലാണ് ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവ് ഇരിക്കുന്നത്. പ്രകൃതിസ്‌നേഹിയായ മാധവി മാനുകള്‍ ഉള്‍പ്പെടെ പല ജനുസിലുളള മൃഗങ്ങളെയും പക്ഷികളെയും അവിടെ വളര്‍ന്നുണ്ട്. അഭിനയം അവസാനിപ്പിച്ചെങ്കിലും തനിക്ക് ഇഷ്ടമുളള മറ്റു മേഖലകളിലേക്ക് മാധവി ഇറങ്ങി. അങ്ങനെ വിമാനം പറപ്പിക്കാന്‍ പഠിച്ച മാധവി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ ശേഷം വിമാനം പറപ്പിക്കാന്‍ തുടങ്ങി. പിന്നീട് സ്വന്തമായി വിമാനവും വാങ്ങി. അവര്‍ വിമാനം പറത്തുന്ന ചിത്രങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.