Latest News

പാന്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ ശക്തികള്‍ ഒന്നിക്കുന്നു! റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ 'ടോക്‌സിക്' ഉത്തരേന്ത്യയിലും നേപ്പാളിലും വിതരണത്തിനെത്തിക്കാന്‍ അനില്‍ തഡാനിയുടെ AA ഫിലിംസ്

Malayalilife
 പാന്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ ശക്തികള്‍ ഒന്നിക്കുന്നു! റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ 'ടോക്‌സിക്' ഉത്തരേന്ത്യയിലും നേപ്പാളിലും വിതരണത്തിനെത്തിക്കാന്‍ അനില്‍ തഡാനിയുടെ AA ഫിലിംസ്

റിലീസിന് മുന്‍പേ ആഗോള തലത്തിലും പ്രാദേശിക തലത്തിലും സിനിമാവിപണിയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രൗണ്‍ അപ്‌സ്', ഇന്ത്യന്‍ സിനിമാ ഭൂപടത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് ഇതാ മറ്റൊരു നിര്‍ണ്ണായക നീക്കം കൂടി നടത്തിയിരിക്കുന്നു. ചിത്രത്തിന്റെ പാന്‍-ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് കരുത്തേറിക്കൊണ്ട്, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വിതരണ കമ്പനികളിലൊന്നായ AA ഫിലിംസ് 'ടോക്‌സിക്' സിനിമയുടെ ഉത്തരേന്ത്യയിലെയും നേപ്പാളിലെയും തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കി. ഇതോടെ ദക്ഷിണേന്ത്യക്ക് പുറത്തും ചിത്രത്തിന്റെ സാന്നിധ്യം ശക്തമാവുകയാണ്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച 'കെ.ജി.എഫ് 1', 'കെ.ജി.എഫ് 2' എന്നീ ചിത്രങ്ങളുടെ വിജയകരമായ വിതരണത്തിന് ശേഷം അനില്‍ തഡാനിയും യാഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ കൂട്ടുകെട്ടിനുണ്ട്. വിശ്വാസവും പാരമ്പര്യവും മികച്ച സിനിമാ കാഴ്ചപ്പാടും കൈമുതലായുള്ള ഈ പങ്കാളിത്തം 'ടോക്‌സിക്' സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പാണ്.

റോക്കിംഗ് സ്റ്റാര്‍ യാഷും അനില്‍ തഡാനിയും തമ്മിലുള്ള ഈ ബന്ധം മുന്‍കാല വിജയങ്ങളില്‍ അധിഷ്ഠിതമാണ്. 'കെ.ജി.എഫ്' മുതല്‍ ആരംഭിച്ച ഇവരുടെ സഹകരണം പാന്‍-ഇന്ത്യന്‍ സിനിമാ വിപണിയുടെ ഗതി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക സിനിമകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലും ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും ഈ കൂട്ടുകെട്ട് നിര്‍ണ്ണായകമായിരുന്നു.

റിലീസിന് മുന്നോടിയായുള്ള റെക്കോര്‍ഡ് നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് ഈ പുതിയ കരാര്‍. നേരത്തെ, ആന്ധ്ര-തെലങ്കാന  വിപണിയില്‍ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സുമായി റെക്കോര്‍ഡ് വിതരണ കരാര്‍ ഒപ്പിട്ട ആദ്യ ഇതര തെലുങ്ക്  ചിത്രമെന്ന ഖ്യാതി 'ടോക്‌സിക്' സ്വന്തമാക്കിയിരുന്നു. കൂടാതെ, ചിത്രത്തിന്റെ ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കായുള്ള വിദേശ വിതരണാവകാശം ഫാര്‍സ് ഫിലിംസ് (Phars Film) വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ഉത്തരേന്ത്യയിലും നേപ്പാളിലും AA ഫിലിംസ് കൂടി എത്തുന്നതോടെ, ഏറ്റവും വലിയ വിതരണ ശൃംഖലയാണ് ടോക്‌സിക്കിനായി ഒരുങ്ങുന്നത്.

ഇന്ത്യന്‍ സിനിമാ രംഗത്തെ ഏറ്റവും പരിചയസമ്പന്നനും ആദരണീയനുമായ വിതരണക്കാരിലൊരാളായ AA ഫിലിംസ് സ്ഥാപകന്‍ അനില്‍ തഡാനിയാണ് ഈ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. സിംഗിള്‍ സ്‌ക്രീനുകള്‍ മുതല്‍ മള്‍ട്ടിപ്ലക്‌സുകള്‍ വരെയുള്ള വിതരണ മേഖലയിലെ പതിറ്റാണ്ടുകളുടെ പരിചയവും പ്രേക്ഷകരുടെ അഭിരുചിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അദ്ദേഹത്തിന്റെ കരുത്താണ്.

'പാന്‍-ഇന്ത്യന്‍' എന്ന വാക്ക് പ്രചാരത്തിലാകുന്നതിന് മുന്‍പേ തന്നെ വിവിധ സിനിമാ വ്യവസായങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ബാഹുബലി, കെ.ജി.എഫ്, പുഷ്പ, കാന്താര, കല്‍ക്കി തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റിയ ബ്ലോക്ക്ബസ്റ്ററുകള്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതില്‍ അനില്‍ തഡാനി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കരാറിനെക്കുറിച്ച് AA ഫിലിംസ് സ്ഥാപകന്‍ അനില്‍ തഡാനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 
'വളരെയേറെ പ്രതീക്ഷയോടും ദൃഢനിശ്ചയത്തോടും കൂടി നിര്‍മ്മിച്ച ഒരു സിനിമയാണ് ടോക്‌സിക്. ഇതിന്റെ ഉള്ളടക്കം കണ്ടപ്പോള്‍ തന്നെ, ബിഗ് സ്‌ക്രീനില്‍ കാണേണ്ട ഒരു വിഷ്വല്‍ വിരുന്നാണിതെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. യാഷ് പാന്‍-ഇന്ത്യന്‍ താരമെന്ന നിലയില്‍ ഓരോ തവണയും സ്വയം ഉയര്‍ത്തുകയാണ്. ടോക്‌സിക് എന്ന ചിത്രത്തിലൂടെ അദ്ദേഹം അത് പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു.ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരും കലാകാരന്മാരുമാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അത്തരത്തില്‍ മികച്ച തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകളെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.'

'വളരെ ചിട്ടയോടും ദീര്‍ഘവീക്ഷണത്തോടും കൂടിയാണ് കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സിനിമകളെ സമീപിക്കുന്നത്. ടോക്‌സിക് പോലുള്ള ഒരു വലിയ പ്രോജക്റ്റിന് ശക്തമായ ഒരു വിതരണ ശൃംഖല ആവശ്യമാണ്. അനില്‍ തഡാനിയെപ്പോലെ പാന്‍-ഇന്ത്യന്‍ സിനിമയുടെ സാധ്യതകള്‍ കൃത്യമായി അറിയുന്ന ഒരാളെ പങ്കാളിയായി ലഭിച്ചതില്‍ സന്തോഷമുണ്ട്. ഉത്തരേന്ത്യയിലും നേപ്പാളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അദ്ദേഹം ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്. സാങ്കേതികമായി വിട്ടുവീഴ്ചയില്ലാത്തതും സാംസ്‌കാരികമായി വേരുകളുള്ളതുമായ ഒരു ഗ്ലോബല്‍ സിനിമ തന്നെയാണ് ടോക്‌സിക്.' എന്ന് കെ.വി.എന്‍ (KVN) പ്രൊഡക്ഷന്‍സ് പ്രൊഡ്യൂസര്‍ വെങ്കട്ട് കെ. നാരായണയും അഭിപ്രായപ്പെട്ടു. 

ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' (Toxic: A Fairytale for Grown-Ups) കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ദേശീയ അവാര്‍ഡ് ജേതാക്കളായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂര്‍ (സംഗീതം), ഉജ്ജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്), ടി.പി. ആബിദ് (പ്രൊഡക്ഷന്‍ ഡിസൈന്‍) എന്നിവരടങ്ങിയ വലിയൊരു നിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (ജോണ്‍ വിക്ക് ഫെയിം), ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ്, കെച്ച കമ്പാക്ഡി എന്നിവര്‍ ഒരുക്കുന്ന വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടോക്‌സിക് 2026 മാര്‍ച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്വ ആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും.

Read more topics: # ടോക്‌സിക്
toxic north india nepal distribution

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES