'വർഷങ്ങളോളം ഞാൻ എന്റെ ചിരി അടക്കിപ്പിടിച്ചു; തനിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി; വൈകാതെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നു'; പുറത്തുവരാൻ വർഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നുവെന്ന് നടി പാർവതി

Malayalilife
topbanner
'വർഷങ്ങളോളം ഞാൻ എന്റെ ചിരി അടക്കിപ്പിടിച്ചു; തനിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി; വൈകാതെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നു'; പുറത്തുവരാൻ വർഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നുവെന്ന് നടി പാർവതി

കൊച്ചി: ജീവിതത്തിൽ ബുളീമിയ എന്ന രോഗാവസ്ഥ വർഷങ്ങളോളം നേരിടേണ്ടി വന്നതും അതീജീവിച്ചതും തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും, ഫിറ്റ്‌നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് രോഗാവസ്ഥയെ അതിജീവിച്ചതെന്ന് പാർവതി ഇൻസ്റ്റഗ്രാമിൽ തുറന്നു പറയുന്നു.

ശരീരം വണ്ണംവെക്കുന്നതിനെ കുറിച്ചും താൻ ചിരിക്കുമ്പോഴുള്ള മുഖത്തിന്റെ ഭംഗിയില്ലായ്മയെ കുറിച്ചുമുള്ള ആളുകളുടെ കമന്റ് തന്നെ മാനസികമായി തളർത്തിയിരുന്നെന്നും അത്തരം അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചതെന്നും പാർവതി കുറിച്ചു.

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് നമ്മൾ നടത്തുന്ന അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് കാരണമാകാമെന്നും അതിനാൽ ഇത്തരം അഭിപ്രായങ്ങളും കമന്റുകളും പറയാതിരിക്കാൻ ശ്രമിക്കണമെന്നും പാർവതി പറഞ്ഞു.

അമിത ഭാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും അമിത ആശങ്കയുള്ളവരിൽ കാണുന്ന രോഗമാണ് ബുളീമിയ. ഇവർ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കും. ഇത്തരം അവസ്ഥകളിലൂടെയാണ് താനും കടന്നു പോയതെന്ന് പാർവതി പറയുന്നു.

പാർവതിയുടെ വാക്കുകൾ

'വർഷങ്ങളോളം ഞാൻ എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാൻ ചിരിക്കുമ്പോൾ എന്റെ കവിളുകൾ വലുതാവുന്നതിനെ കുറിച്ച് എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും പറയുമായിരുന്നു.

മാത്രമല്ല എന്റേത് നല്ല ആകൃതിയിലുള്ള, ഭംഗിയുള്ള താടിയല്ലെന്നും ചിലർ പറഞ്ഞിട്ടുണ്ട്. അതോടെ ഞാൻ ചിരിക്കുന്നത് നിർത്തി. ചില സമയങ്ങളിൽ മാത്രം മുഖം വിടർത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.

പുറത്ത് ഏതെങ്കിലും പരിപാടികൾക്ക് പോവുമ്പോഴും ജോലി സ്ഥലത്തും ഞാൻ തനിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞാൻ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പലപ്പോഴും ആളുകൾ കമന്റ് ചെയ്യുമെന്നതായിരുന്നു അതിന്റെ കാരണം.

ഞാൻ ഭക്ഷണം കഴിക്കുമ്പോൾ തന്നെ പലരും എന്നോട് 'കുറച്ച് കഴിച്ചൂടെ' എന്ന് ചോദിച്ചിട്ടുണ്ട്. അത് കേൾക്കുന്നതോടെ പിന്നെ എനിക്ക് ഒന്നും കഴിക്കാൻ സാധിക്കാതായി.

ഞാൻ അവസാനം കണ്ടതിലും നീ തടി വച്ചോ?

കുറച്ചു മെലിയണം

ഓ..നീ തടി കുറഞ്ഞോ? നന്നായി

നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ?

നീ ഭക്ഷണം കൂടുതലായി കഴിക്കുന്നുണ്ടെന്ന് ഞാൻ നിന്റെ ഡയറ്റീഷനോട് പറയും

മാരിയാൻ സിനിമയിലെപ്പോലെ നിനക്ക് തടി കുറച്ചൂടെ!

ഇങ്ങനെ തുടങ്ങി തങ്ങൾ പറയുന്നതെല്ലാം നല്ലതിന് വേണ്ടിയാണെന്നും അതെല്ലാം തമാശമായി മാത്രം എടുത്തുകൂടെ എന്നുള്ള കമന്റുകളൊന്നും എന്റെ ശരീരം കേട്ടിരുന്നില്ല.

ആളുകൾ പറയുന്നതെല്ലാം തന്നെ ഞാൻ എന്റെ മനസിലേക്ക് എടുക്കുകയും ഞാൻ തന്നെ സ്വയം അത്തരം കമന്റുകൾ എന്നോട് പറയാനും തുടങ്ങി. അതിന് ഞാൻ അഗാധമായി ക്ഷമ ചോദിക്കുന്നു.

അത്തരം വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല. വൈകാതെ തന്നെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് ഞാൻ എത്തിച്ചേർന്നു.

അതിൽ നിന്നും പുറത്തുവരാൻ എനിക്ക് വർഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും, ഫിറ്റ്‌നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാൻ വീണ്ടും തുറന്ന് ചിരിക്കാൻ തുടങ്ങി.

ദയവായി നിങ്ങൾ മറ്റുള്ളവരുടെ സ്പേസിനെ മാനിക്കുക. അവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസിൽ തന്നെ സൂക്ഷിക്കുക. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും അവരോട് പറയാതിരിക്കുക, പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read more topics: # parvathy thiruvoth,# bulimia
actress parvathy thiruvoth about surviving bulimia

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES