അഖില്‍ മാരാര്‍ അടക്കമുള്ള ബിഗ് ബോസ് താരങ്ങള്‍ അണി നിരന്ന ചിത്രമായിരുന്നു മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ചു ബാബു ജോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അഭിഷേക് ശ്രീകുമാര്‍, സെറീന, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച ചിത്രം തിയേറ്ററുകളില്‍ എത്തിയെങ്കിലും പരാജയപ്പെട്ടു. ഇപ്പോഴിതാ എന്തുകൊണ്ട് മുള്ളന്‍കൊല്ലിയില്‍ അഭിനയിച്ചുവെന്ന് വ്യക്തമാക്കുകയാണ് അഖില്‍ മാരാര്‍. അര മണിക്കൂറില്‍ താഴെ മാത്രം ഞാന്‍ ഉള്ള അഭിഷേക് ശ്രീകുമാര്‍ നായകനായ രണ്ട് മണിക്കൂര്‍ അന്‍പത് മിനിറ്റ് സിനിമയില്‍ എന്നെ നായകനാക്കി മാറ്റാന്‍ തീരുമാനിച്ചത് മാര്‍ക്കറ്റിങ്ങിനു ഗുണം ചെയ്യാന്‍ ആണെന്ന് അവര്‍ തീരുമാനിച്ചെങ്കിലും എന്നെ നായകനാക്കി മാര്‍ക്കറ്റ് ചെയ്യരുത് എന്ന് പല തവണ പറഞ്ഞിരുന്നതായും അഖില്‍ മാരാര്‍ കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സ്‌നേഹിക്കുന്നവരും വിമര്‍ശിക്കുന്നവരും ഒരു പോലെ ചോദിച്ച ചോദ്യമാണ് എന്തിനാണ് മുല്ലങ്കോല്ലിയില്‍ പോയി തല വെച്ചത്...
രണ്ട് ദിവസമായി സിനിമയുടെ സംവിധായകനും നിര്‍മാതാവിനും ഞാന്‍ മെസ്സേജ് അയയ്ക്കുന്നു.. വിളിക്കുന്നു..
എന്ത് കാരണം കൊണ്ടാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതെന്ന് നിങ്ങള്‍ പറയണം...സാധാരണ ഒരുവന് സിനിമയില്‍ അഭിനയിച്ച ശേഷം ആ സിനിമ സൂപ്പര്‍ ഹിറ്റ് ആയാല്‍ ലഭിക്കുന്ന പേരും,പ്രശസ്തിയും ,പണവും എല്ലാം സിനിമ ചെയ്യാതെ ലഭിച്ച എനിക്ക് ബിഗ് ബോസ്സ് ന് ശേഷം ജോജുവിന്റെ പണി ഫിലിം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അവസരം ലഭിച്ചിട്ടും അതൊക്കെ വേണ്ടെന്ന് വെച്ച് ഈ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് വ്യക്തമായ കാരണം ഉണ്ടായത് കൊണ്ടാണ്..
കഴിഞ്ഞ വര്‍ഷം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അര്‍ഹത പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കാത്ത പക്ഷം ഞാന്‍ വീട് വെച്ച് നല്‍കാം എന്ന് പറഞ്ഞു.. അതിനുള്ള ഒരു മാര്‍ഗം ആയിരുന്നു ഈ സിനിമ..സംവിധായകന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയ ഈ ചിത്രത്തില്‍ പിന്നീട് പ്രൊമോഷന് പകരം വയനാട്ടില്‍ ഒരു വീട് വെച്ച് നല്‍കാം എന്ന ഉറപ്പിലും ഇതിന്റെ ബിജിഎം ഫോര്‍ മ്യൂസിക്(ഒപ്പം) പോലത്തെ നല്ല ടീമിനെ വെച്ച് ചെയ്യും നല്ല ടെക്‌നീഷ്യന്‍മാര്‍ ആണ് പിന്നണിയില്‍ ഉള്ളതെന്നും പറഞ്ഞിട്ടാണ്.. എന്നാല്‍ എല്ലാവരും വെറും പേരുകള്‍ മാത്രം..
അര മണിക്കൂറില്‍ താഴെ മാത്രം ഞാന്‍ ഉള്ള അഭിഷേക് ശ്രീകുമാര്‍ നായകനായ രണ്ട് മണിക്കൂര്‍ അന്‍പത് മിനിറ്റ് സിനിമയില്‍ എന്നെ നായകനാക്കി മാറ്റാന്‍ തീരുമാനിച്ചത് മാര്‍ക്കറ്റിങ്ങിനു ഗുണം ചെയ്യാന്‍ ആണെന്നാണ് ഇവര്‍ തീരുമാനിച്ചത്..എന്നെ നായകനാക്കി മാര്‍ക്കറ്റ് ചെയ്യരുത് എന്ന് പല തവണ ഞാന്‍ എതിര്‍ത്തതും ആണ്..
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ഞാന്‍ സ്റ്റോറിയോ സ്റ്റാറ്റസോ പോലും വെയ്ക്കാതെ അവഗണിച്ച ഈ സിനിമയില്‍ പിന്നീട് ഞാന്‍ സഹായിക്കാന്‍ തീരുമാനിക്കാന്‍ കാരണം പലിശയ്ക്ക് പണം എടുത്തു പെട്ട് പോയ ഒരു മനുഷ്യന് എന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്.. OTT യില്‍ മുന്‍ കൂട്ടി വിറ്റ് നല്‍കാം എന്ന ഉറപ്പില്‍ കൂടെ നിന്ന തരികിടകളെ തിരിച്ചറിയാത്ത ശുദ്ധനായ ഒരു നല്ല മനുഷ്യന്‍.. സിനിമ മേഖലയിലെ തട്ടിപ്പിനെ കുറിച്ച് ഒന്നുമറിയാതെ പത്തു രൂപ പലിശയ്ക്കു കടം എടുത്തു പടം തീര്‍ത്ത ഒരു സിനിമ ഞാന്‍ കൂടി തള്ളി കളഞ്ഞാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാവും..
ഒരു ഉദ്ഘാടനം ചെയ്താല്‍ എനിക്ക് കിട്ടുന്ന ശബളം ആണ് 20 ദിവസം വര്‍ക് ചെയ്തപ്പോള്‍ ഞാന്‍ വാങ്ങിയത്.. കാരണം ഈ സിനിമ മറ്റൊരാളുടെ ജീവിതത്തിനു വേണ്ടി മാത്രം തിരഞ്ഞെടുത്തതാണ്.. സിനിമ പൂര്‍ത്തിയാക്കാന്‍ സാമ്പത്തികം ഇല്ലാതെ വലയുന്ന ഒരാളോട് എങ്ങനെയാണു വയനാട്ടില്‍ വീട് ചെയ്യണം എന്ന് ഞാന്‍ പറയുക..
ഈ സിനിമ കേരളം അറിയണം..അതിലൂടെ കിട്ടുന്ന കളക്ഷന്‍ കൊണ്ട് നിര്‍മാതാവ് എങ്കിലും രക്ഷപ്പെടണം.. സിനിമ എനിക്ക് മോശമായി തോന്നിയെങ്കിലും ഇവര്‍ അന്നും ഇന്നും സിനിമയില്‍ കോണ്‍ഫിഡന്റ് ആണ്..
കൊച്ചി ഫോറം മാളില്‍ വെച്ച് ഏതൊരു വലിയ ചിത്രവും ട്രെയിലര്‍ ലോഞ്ച് ചെയ്യും പോലെ ട്രെയിലര്‍ ലോഞ്ച് ഞാന്‍ നടത്തി കൊടുത്തു..
എന്റെ സുഹൃത്തു പ്രിന്‍സ് (ജിസിസി drilling അക്കാദമി ) സഹായിച്ചു... എനിക്ക് വേണ്ടി ശ്രീ ചാണ്ടി ഉമ്മന്‍ MLA, ശ്രീ ഹൈബി ഈഡന്‍എംപി എന്നിവര്‍ ആദ്യമായി ഒരു ട്രെയിലര്‍ ലോഞ്ചില്‍ വന്നു..
പടത്തിന്റെ പാട്ട് ഞാന്‍ ഇടപെട്ടു വിറ്റ് കൊടുത്തു..
ഏറ്റവും വലിയ ജിസിസി ഡിസ്ട്രിബൂഷന്‍ കമ്പനി ആയ ഫാര്‍സ് ഫിലിംസ് നെ കൊണ്ട് ജിസിസി വിതരണം ഏറ്റെടുപ്പിച്ചു..
100ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഞാനും സെരീനയും ചേര്‍ന്ന് പണം മുടക്കി വെച്ചു.. അന്‍പ്‌തോളം ഫ്‌ലക്‌സുകള്‍ എന്റെ സുഹൃത്തുക്കള്‍ എനിക്കായി വെച്ച്..
MY G രണ്ട് വലിയ ഹോര്‍ഡിങ് എനിക്കായി വെച്ച് തന്നു..
ഇന്റവര്‍വ്യൂ ഒരു ലക്ഷം രൂപ വരെ വേടിച്ചു കൊടുത്തിട്ടുള്ള ഞാന്‍ പലരേയും അങ്ങോട്ട് വിളിച്ചു ഈ സിനിമയുടെ ഇന്റര്‍വ്യൂ കൊടുത്തു..
ലാലേട്ടന്‍, സുരേഷ് ഗോപി, നദിര്‍ഷ, അനൂപ് മേനോന്‍, വിജയ് ബാബു, തുടങ്ങി പലരുടെയും പേജുകളില്‍ ഞാന്‍ വിളിച്ചു പറഞ്ഞു പോസ്റ്റ് ഇട്ടു..
ബിഗ് ബോസില്‍ ഗസ്റ്റ് ആയി പോയാല്‍ കിട്ടേണ്ട ശമ്പളം വേണ്ടെന്ന് വെച്ച് ഈ പടം പ്രൊമോഷന് പോയി.. അതിന്റെ ഫ്‌ലൈറ്റ് ടിക്കറ്റ് എടുക്കാന്‍ പോലും കാശ് പല തവണ ചോദിക്കേണ്ടി വന്നു..
സ്വന്തം ചിലവില്‍ റൂം എടുത്തു ടാക്‌സി കാശ് കൊടുത്തു മലയാളികളെ മുഴുവന്‍ ഈ സിനിമ ഞാന്‍ അറിയിച്ചു..
ചുരുക്കത്തില്‍ ഒരു കോടി രൂപ ചിലവഴിക്കേണ്ട സിനിമയുടെ മാര്‍ക്കറ്റിംഗ് ഞാന്‍ ഫ്രീ ആയി ചെയ്തു കൊടുത്തു...
പടം ഇറങ്ങി കഴിഞ്ഞ ശേഷം ഞാന്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.. ആദ്യ ഷോ കഴിഞ്ഞാല്‍ സംസാരിക്കേണ്ടത് സിനിമയാണ്.. പ്രേക്ഷകരാണ്.. അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു ഞാനത് ഉള്‍കൊള്ളുന്നു..
പടം ഇറങ്ങി അര മണിക്കൂര്‍ മാത്രം സിനിമയില്‍ ഉള്ള എന്റെ തലയില്‍ എല്ലാവരും പടം വെച്ച് കെട്ടി.. എഴുതി സംവിധാനം ചെയ്ത ആള്‍ക്കും ക്യാമറ, എഡിറ്റിങ്, പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആര്‍ക്കും ഇല്ലാത്ത എല്ലാ കുറ്റങ്ങളും ഞാന്‍ ഏറ്റെടുത്തു...
പറഞ്ഞു പറ്റിക്കപെട്ടിട്ടും ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ഞാന്‍ ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകേണ്ടി വന്നിട്ടും ഞാന്‍ മിണ്ടിയില്ല.. പക്ഷെ ഇന്ന് വിളിച്ചപ്പോള്‍ എന്നോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണ് പടം വിജയിക്കാത്തത് എന്നൊക്കെ പറയുമ്പോള്‍ സമൂഹം ഇത്രയെങ്കിലും അറിഞ്ഞിരിക്കണം എന്ന് തോന്നി...
ലക്ഷങ്ങള്‍ വാങ്ങി ഇന്റര്‍വ്യൂ പോലും കൊടുക്കാതെ ആര്‍ട്ടിസ്റ്റുകള്‍ മുങ്ങി നടക്കുന്ന കാലത്ത് സിനിമയെ മലയാളികള്‍ക്കിടയില്‍ അറിയിക്കാന്‍ ഇത്രയും സഹായിച്ച എന്നോട് നന്ദി കാണിക്കണം എന്ന് ഞാന്‍ പറയില്ല...
NB :തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ അന്നത്തെ ചാറ്റും വോയിസ് റെക്കോര്‍ഡ് അടക്കം ഞാന്‍ നല്‍കാം.. സിനിമ ഇഷ്ടപെട്ടവര്‍ ഉണ്ട് മോശം പറഞ്ഞവര്‍ ഉണ്ട്..
ഞാന്‍ ഇത് എഴുതിയത് എന്ത് കാരണം കൊണ്ടാണ് ഞാന്‍ ഈ സിനിമയില്‍ വന്നത് എന്നതിന്റെ ഉത്തരം എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ്