Latest News

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് റോക്കിംഗ് സ്റ്റാര്‍ യഷിന്റെ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' റിലീസ് 2026 ജൂണ്‍ 4-ലേക്ക് മാറ്റി

Malayalilife
 മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് റോക്കിംഗ് സ്റ്റാര്‍ യഷിന്റെ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' റിലീസ് 2026 ജൂണ്‍ 4-ലേക്ക് മാറ്റി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാര്‍ യഷിന്റെ ആക്ഷന്‍ ഡ്രാമ ചിത്രമായ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സി'ന്റെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും  ഇന്ന് അറിയിച്ചു. നേരത്തെ 2026 മാര്‍ച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് പ്രീമിയര്‍, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂണ്‍ 4-ലേക്കാണ് മാറ്റിയത്.

ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാര്‍സ് ഫിലിംസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗള്‍ഫ് മേഖലയിലുടനീളം നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും സിനിമാ പ്രദര്‍ശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഈ മേഖലയിലെ സംഭവവികാസങ്ങള്‍ നിര്‍മ്മാതാക്കള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു. മാര്‍ച്ച് 8-ന് ബാംഗ്ലൂരില്‍ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നടത്താനിരുന്ന വന്‍ ട്രെയിലര്‍ ലോഞ്ച് പരിപാടികള്‍ക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാര്‍ച്ച് 19-ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷന്‍ ഷെഡ്യൂളുകള്‍ നിര്‍മ്മാതാക്കള്‍ നേരത്തെ തയ്യാറാക്കിയിരുന്നു.

ചിത്രത്തിലെ ആദ്യ സിംഗിള്‍ ആയ 'തബാഹി' മാര്‍ച്ച് 2-ന് പുറത്തിറക്കാന്‍ സജ്ജമായിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് മ്യൂസിക് വീഡിയോ പുറത്തിറക്കുന്നതും പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.

കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്, ആഗോള പ്രേക്ഷകര്‍ക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വര്‍ഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം, മാര്‍ച്ച് 19-ന് ചിത്രം നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, മിഡില്‍ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തി, റിലീസ് മാറ്റിവെക്കാനുള്ള പ്രയാസകരവും എന്നാല്‍ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങള്‍ എടുത്തിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങള്‍ നന്ദി പറയുന്നു.ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' ഇനി 2026 ജൂണ്‍ 4-ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യന്‍ ഭാഷകളിലുമായി ആഗോളതലത്തില്‍ തീയേറ്ററുകളില്‍ എത്തും.'

യഷ്, നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്‌സിക്കിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ടോക്‌സിക്' 2026 ജൂണ്‍ 4-ന് റിലീസ് ചെയ്യും.

toxic release postponed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES