'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' സിനിമ പരാജയപ്പെട്ടതിന്റെ കുറ്റം തന്നെ ചുമത്താനുള്ള ശ്രമമാണെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. സിനിമയെക്കുറിച്ചുള്ള സംവിധായകന്‍ ബാബു ജോണിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചാണ് അഖില്‍ രംഗത്തെത്തിയത്. ''സിനിമയിലേക്ക് വിളിച്ചു അഭിനയിപ്പിച്ചതിന് ശേഷം എല്ലാ സഹായങ്ങളും ചെയ്തു. പിന്നീടാണ് ശുദ്ധകള്ളത്തരങ്ങളും നെറികേടുകളും എഴുതി പിടിപ്പിച്ചത്. പരാജയം മറച്ചുവെക്കാന്‍ എന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ല,'' വീഡിയോയില്‍ അഖില്‍ ആരോപിച്ചു.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഓഡിയോയും അണിയറപ്രവര്‍ത്തകരുമായുള്ള സന്ദേശങ്ങളും അഖില്‍ പുറത്തുവിട്ടു. ''ചിത്രം ഇറങ്ങുന്നതിന് രണ്ടുദിവസം മുമ്പും തീയേറ്റര്‍ ലിസ്റ്റ് അറിയാതെ ഇരിക്കേണ്ടിവന്നു. ഇത്രയും വലിയ പ്രമോഷന്‍ കിട്ടിയിട്ടും ചിത്രം എവിടെയാണ് റിലീസ് ചെയ്യുന്നത് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു,'' അഖില്‍ പറഞ്ഞു. നായകന്‍ അഭിഷേക് ശ്രീകുമാറിനെ ഒഴിവാക്കി തന്റെ പേരില്‍ പോസ്റ്റര്‍ ഇറക്കിയതിനെതിരെ അഖില്‍ തുറന്നടിച്ചു. ''ഒരു ചെറുപ്പക്കാരന്റെ അവസരം നഷ്ടപ്പെടുത്തരുതെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സംവിധായകന്‍ കേട്ടില്ല. ചെറിയ വേഷം ചെയ്യാനെത്തിയ എനിക്ക് നായകസ്ഥാനത്ത് ഇടം നല്‍കിയത് അന്യായമാണ്,'' അദ്ദേഹം പറഞ്ഞു.
സിനിമയുടെ നിലവാരത്തെക്കുറിച്ചും അഖില്‍ തുറന്നുപറഞ്ഞു. ''ചിത്രം 'ബിലോ ആവറേജ്' ആണെന്ന് ആദ്യം ഞാന്‍ തന്നെ വിലയിരുത്തി. എന്നാല്‍, അണിയറയില്‍ നിന്ന് വന്ന 'അതിഗംഭീര സിനിമ'യെന്ന പ്രശംസകള്‍ കേട്ട് തെറ്റിദ്ധരിക്കപ്പെട്ടു. അവസാനം പരാജയം എന്റെ തലയില്‍ കെട്ടിവച്ചതാണ്,'' അഖില്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നല്‍കിയ വാഗ്ദാനങ്ങളെയും, വേതനവുമായി ബന്ധപ്പെട്ട ധാരണകളെയുംക്കുറിച്ചും അഖില്‍ വിശദീകരിച്ചു. ''യാഥാര്‍ഥ്യം പറഞ്ഞതാണ്. വളച്ചൊടിക്കരുത്. രാഷ്ട്രീയവിരോധം ഉണ്ടെങ്കില്‍ അത് എനിക്ക് അഭിമാനമാണ്. പരാജയം മറയ്ക്കാന്‍ എന്റെ പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല,'' വീഡിയോ അവസാനിപ്പിക്കുമ്പോള്‍ അഖില്‍ വ്യക്തമാക്കി.
അതേസമയം, അഖില്‍ മാരാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് സംവിധായകന്‍ ബാബു ജോണ്‍ മറുപടിക്കുറിപ്പില്‍ വ്യക്തമാക്കി. ''സിനിമയ്ക്ക് ആളുകള്‍ കയറാത്തപ്പോള്‍, പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയില്‍ വയ്ക്കാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് അഖിലിന്റെ പ്രസ്താവന,'' അദ്ദേഹം പറഞ്ഞു.