ആഡംബര വാഹനങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ അമിത് ചക്കാലയ്ക്കല്‍. കസ്റ്റംസിന്റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്‍ത്തിയായതായും താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ പറഞ്ഞു. തന്റെ പക്കല്‍ നിന്ന് 6 വണ്ടികള്‍ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാര്‍ മാത്രം ആണ് തന്റെ ഉടമസ്ഥതയില്‍ ഉള്ളതെന്നും അമിത് പറയുന്നു.
'എന്റെ സ്വകാര്യ വാഹനമായി അഞ്ച് വര്‍ഷമായി ഉപയോ?ഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോ?ഗസ്ഥര്‍ കൊണ്ടുപോയത്. ലാന്‍ഡ് ക്രൂയിസര്‍ വണ്ടി രജിസ്റ്റര്‍ ചെയ്തത് 1999 ല്‍ ആണ്. 25 വര്‍ഷമായി ആ വാഹനം ഇന്ത്യയിലുണ്ട്. അതിന്റെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ആറ് മാസം മുന്‍പും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് രേഖകള്‍ ഹാജരാക്കിയിരുന്നു. ഇന്നലെ ആര്‍ടിഒ വന്ന് പരിശോധന നടത്തിയിരുന്നു. പോസിറ്റീവ് ആയാണ് ആര്‍ടിഒ റിപ്പോര്‍ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ നിന്ന് വന്ന വണ്ടികളില്‍ ഉള്‍പ്പെട്ടതാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നു''. വണ്ടി പത്തു ദിവസത്തിനുള്ളില്‍ വിട്ടു നല്‍കും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു.
''ആറ് വണ്ടികള്‍ എന്റേതാണെന്നാണ് ഇന്നലെ പല റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്നത്. അത് തെറ്റാണ്. കൊണ്ടുപോയ ഏഴ് വണ്ടികളില്‍ ഒരെണ്ണം മാത്രമേ എന്റേതുള്ളൂ. ഞാന്‍ എന്റെ വാഹനങ്ങള്‍ പണിയുന്ന ?വര്‍ക്ക് ഷോപ്പില്‍ എന്റെ ശുപാര്‍ശയില്‍ സുഹൃത്തുക്കള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ കൂടി ചേര്‍ത്തുള്ള കണക്കാണ് അത്. കൊണ്ടുപോയ വാഹനങ്ങളുടെ ഉടമകളെ അവര്‍ വിവരം അറിയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഉടമകള്‍ക്ക് രേഖകള്‍ സഹിതം 10 ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല'', അമിത് ചക്കാലയ്ക്കല്‍ പറയുന്നു.
അതേസമയം, ഭൂട്ടാനില്‍ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങള്‍ കടത്തിയ കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദേശം.കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ നിന്നും ഡിഫന്‍ഡറും, ലാന്‍ഡ് ക്രൂസറുമാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.