മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുസ്മരണക്കുറിപ്പുമായി അനൂപ് മേനോന്‍. 23-ാം വയസില്‍ ഒരു ചാനല്‍ അവതാരകനായിരുന്ന കാലത്ത് ശാന്തകുമാരിയുടെ അഭിമുഖം എടുക്കാനായി എത്തിയപ്പോഴത്തെ ആദ്യ കൂടിക്കാഴ്ചയുടെ അനുഭവമാണ് അനൂപ് മേനോന്‍ കുറിച്ചിരിക്കുന്നത്. പരിചയപ്പെടുന്ന ആര്‍ക്കും മക്കളേ എന്ന ഒറ്റ വിളിയിലൂടെ അടുപ്പം തോന്നിപ്പിക്കുന്ന ശാന്തകുമാരിയെക്കുറിച്ച് അനൂപ് മേനോന്‍ കുറിക്കുന്നു.
അമ്മ.. ആ പേര് അവരുടേത് മാത്രമായിരുന്നു. അവരെ പരിചയപ്പെട്ട ഓരോരുത്തര്‍ക്കും ആ ഹൃദയസ്പര്‍ശിയായ മക്കളേ എന്ന വിളിയിലൂടെ അവര്‍ ശരിക്കും അമ്മയായി മാറി. ചാനലിനു വേണ്ടി ലാലേട്ടന്റെ അമ്മയെ ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയപ്പോഴാണ് ഞാന്‍ അമ്മയെ ആദ്യമായി കാണുന്നത്. അന്ന് എനിക്ക് 23 വയസ്സ്, ലാലേട്ടനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഒരു സൂപ്പര്‍സ്റ്റാറിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ അമ്മയോട് സംസാരിക്കാന്‍ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ആ കൊച്ചു അവതാരകന്‍. പേടിച്ച് വിറച്ച്, വയറ്റില്‍ തീപിടിച്ച അവസ്ഥയിലായിരുന്നു ഞാന്‍.
അപ്പോഴാണ് ആ സമാധാനമേറിയ പുഞ്ചിരിയോടെയും ദയയുളള കണ്ണുകളോടെയും അവര്‍ വന്നത്. ആ നിമിഷം തന്നെ ആ വീട് എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നിപ്പോയി. എന്റെ കരിയറില്‍ ആദ്യമായി ഒരവതാരകന്‍ എന്ന നിലയില്‍ ഞാന്‍ അങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കുകയല്ലായിരുന്നു, പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇടയ്ക്കിടെ തന്റെ ലാലുവിനെ കുറിച്ചുളള കഥകള്‍ ഒരു പഴയ ബന്ധുവിനോടെന്നപോലെ അമ്മ പറഞ്ഞുതന്നു.
അമ്മ ഞങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കി, ചായ കുടിക്കാന്‍ നിര്‍ബന്ധിച്ചു. യാരത പറയുമ്പോള്‍ എന്റെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് എന്നെ അനുഗ്രഹിച്ചു. 'മോന്‍ സിനിമയില്‍ വരും കേട്ടോ '. ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന , നിസ്സഹായനായ ആ 23 കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയുടെ നാളമായിരുന്നു ആ വാക്കുകള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടനെ കണ്ടപ്പോള്‍ ആ അമ്മ പകര്‍ന്നുനല്‍കിയ അതേ സ്നേഹം അദ്ദേഹത്തിലും ഞാന്‍ കണ്ടു. കനല്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടയില്‍ അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അമ്മയെ ഇത്രയധികം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു മകനെ ഞാന്‍ വേറെ കണ്ടിട്ടില്ല. പക്ഷേ ലാലേട്ടാ അത് നിങ്ങളുടെ മനസ്സിന്റെ നന്മ മാത്രമല്ല, മറിച്ച് അവര്‍ അത്തരമൊരു അമ്മയും വ്യക്തിയും ആയതുകൊണ്ട് കൂടിയാണ്. ആ സ്നേഹം പൂര്‍ണമായും അവരുടേതായിരുന്നു. അമ്മേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അമ്മയെ മിസ്സ് ചെയ്യും' അനൂപ് മേനോന്‍ കുറിച്ചു.