അര്‍ജുന്‍ അശോകന്‍ നായകനായ തലവര സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍ തന്നെയാണ് വിഡിയോ പങ്കുവച്ചത്.
ശരത് സഭ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അര്‍ജുന്‍ അശോകനെ ഇടിക്കുന്നതും താരം നിലത്ത് വീഴുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പിന്നാലെ മറ്റൊരാള്‍ ഓടിവന്ന് സ്‌കൂട്ടര്‍ പിടിച്ചുനിര്‍ത്തുന്നതും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഇതിന്റെ ബ്രേക്ക് എവിടെടാ..?' എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ വിഡിയോ പങ്കുവച്ചത്.
സംഭവം വലിയ അപകടമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആരാധകരെ ആശങ്കയില്‍ ആക്കി. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'നിങ്ങളുടെ ഹീറോ ഇപ്പോള്‍ എന്തു ചെയ്യുന്നു?' എന്ന ആരാധകന്റെ ചോദ്യത്തിന്, 'അയാള്‍ ജീവനോടെ ഇരിക്കുന്നു സര്‍,' എന്നായിരുന്നു അര്‍ജുന്‍ അശോകന്റെ ഹാസ്യരസത്തോടുള്ള മറുപടി.