സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ തന്റെ സിനിമയില്‍ ഉണ്ടായാല്‍ അവ തിരുത്താനാവശ്യപ്പെടുമെന്ന് അപര്‍ണ ബാലമുരളി. സ്ത്രീകളെ അധിക്ഷേപിക്കുന്ന രംഗങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വെച്ച് നടന്ന മുഖാമുഖം പരിപാടിയില്‍ അപര്‍ണ പറഞ്ഞു. കഥയുടെ ഭാഗമായി സിനിമയില്‍ സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരാം. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് തന്റെ നിലപാടെന്ന് അപര്‍ണ പറഞ്ഞു.
'പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെടും.
സ്ത്രീവിരുദ്ധ കഥാപാത്രങ്ങളില്‍ അഭിനയിച്ചതിന് മാപ്പു പറഞ്ഞു കൊണ്ട് ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് നിലപാടെടുത്തിരുന്നു. താന്‍ തിരക്കഥ എഴുതിയ ചിത്രങ്ങളിലെ അത്തരം രംഗങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് രഞ്ജി പണിക്കരും രംഗത്തെത്തിയിരുന്നു. കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് നടി പാര്‍വതിക്ക്് നേരെ മുമ്പ് സൈബര്‍ ആക്രമണമുണ്ടായിരുന്നു.