മലയാളികളുടെ പ്രിയങ്കരിയായ ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്, തന്റെ മുപ്പതുകളിലെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. മുപ്പതുകളുടെ അവസാന ഘട്ടത്തിലെത്തിയ താന്‍, ഈ കാലഘട്ടം വ്യക്തിപരമായി ഒരുപാട് തിരിച്ചറിവുകള്‍ നല്‍കിയെന്നും, പഴയ തന്നെ കണ്ടെത്താന്‍ പോലും പ്രയാസപ്പെടുന്ന തരത്തില്‍ ജീവിതം ഉടച്ചുവാര്‍ക്കേണ്ടി വന്നുവെന്നും അശ്വതി പറയുന്നു.
ഇരുപതുകളില്‍ നിന്ന് മുപ്പതിലേക്ക് കടക്കുന്നത് അത്ര സുഖകരമായിരുന്നില്ലെന്നും, മുപ്പതാം പിറന്നാളിന്റെ തലേരാത്രി അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയെന്നും അശ്വതി ഓര്‍ത്തെടുക്കുന്നു. മുപ്പതുകള്‍ ഒരു സ്ത്രീയെ സംബന്ധിച്ച് തിരിച്ചറിവുകളുടെ കാലമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞിരുന്നത് ചെറിയ ആശ്വാസമായിരുന്നെന്നും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് വ്യക്തിത്വത്തെ അടിമുടി മാറ്റിയെഴുതേണ്ട കാലഘട്ടമായിരുന്നെന്ന് നടി വ്യക്തമാക്കുന്നു.
ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന പഴയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് കണ്ടപ്പോള്‍, സങ്കടങ്ങള്‍ മാത്രം പറഞ്ഞും ചുറ്റുമുള്ള പ്രശ്‌നങ്ങളില്‍ നിസ്സഹായത പ്രകടിപ്പിച്ചും ഇരുന്ന പഴയ തന്നെ തിരിച്ചറിയാന്‍ പോലും പ്രയാസപ്പെട്ടതായി അശ്വതി വെളിപ്പെടുത്തി. ഇരുപത്തൊന്‍പതാം പിറന്നാളിന് സംഘര്‍ഷാവസ്ഥ അനുഭവിച്ച ഒരാള്‍ക്കെങ്കിലും തന്റെ അനുഭവം പ്രയോജനപ്പെട്ടേക്കുമെന്ന ചിന്തയിലാണ് ഇങ്ങനെയൊരു കുറിപ്പെഴുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.