Latest News

'എട്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ച എനിക്ക് സമ്മാനമായി കിട്ടിയത് പീഡന പരാതികളും അപവാദങ്ങളും; വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍, അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്നു; തീരുമാനം ആരെയും ഭയന്നിട്ടല്ല; നടന്‍ ബാബുരാജ് കുറിച്ചത്

Malayalilife
 'എട്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ച എനിക്ക് സമ്മാനമായി കിട്ടിയത് പീഡന പരാതികളും അപവാദങ്ങളും; വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍, അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്നു; തീരുമാനം ആരെയും ഭയന്നിട്ടല്ല; നടന്‍ ബാബുരാജ് കുറിച്ചത്

താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ, സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് എന്നെന്നേക്കുമായി താന്‍ പിന്മാറുകയാണെന്ന് ബാബുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാശിയിലായിരുന്നു ബാബുരാജ്. ഇതിനിടെ ബാബുരാജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആരെയും ഭയന്നിട്ടല്ല തീരുമാനമെന്നും, നടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്. 

ബാബുരാജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ടവരെ, വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. 

ലാലേട്ടന്‍ കമ്മിറ്റിയില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാനും പിന്മാറാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് എല്ലാവരും ചേര്‍ന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോള്‍ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോല്‍പ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാല്‍, ഇത് എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ എല്ലാ അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവര്‍ക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു. സ്നേഹത്തോടെ, ബാബുരാജ് ജേക്കബ് 

പ്രസിഡന്റായി ദേവന്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദത്തില്‍ മത്സരം ഉറപ്പാണ്. ജഗദീഷും അരുണ്‍ ചന്ദ്രനും പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തെ മത്സരത്തിനുള്ള പത്രിക പിന്‍വലിക്കും. മോഹന്‍ലാലും മമ്മൂട്ടിയും ശ്വേതയേയും കുക്കു പരമേശ്വരനേയും പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്.
 

baburaj statement leaving amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES