മലയാളസിനിമയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍. ഇപ്പോഴിതാ തന്റെ പഴയ സിനിമയിലെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കിട്ട് സന്തോഷം പങ്കുവയ്ക്കുകയാണ് ബാലചന്ദ്രമേനോന്‍.
മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രത്തിനൊപ്പം ഇപ്പോഴും ആ സിനിമയും കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമെന്നും ബാലചന്ദ്രമേനോന്‍ കുറിക്കുന്നു.
''അതെ, അത് പല്ലവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ തുളസീദാസ് സംവിധാനം ചെയ്ത് രാജന്‍ കിരിയത്ത് തിരക്കഥയെഴുതി 2000-ല്‍ പുറത്തിറങ്ങിയ മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്ന ചിത്രത്തിലെ ചിത്രമാണ്...രമേശന്‍ നായര്‍ - ബേണി ഇഗ്‌നേഷ്യസ് കോംബോ..
പലര്‍ക്കും ആ സിനിമയും എന്റെ കഥാപാത്രവും ഓര്‍മ്മയുണ്ടെന്ന് കേട്ടതില്‍ സന്തോഷം...'' എന്നാണ് ബാലചന്ദ്രമേനോന്‍ കുറിച്ചിരിക്കുന്നത്.
ഗീത, അഭിരാമി, ജോമോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഈ സിനിമയിലെ 'മുത്തോല കൊട്ടാരം... പത്ത് പറ പത്തായം...' എന്ന പാട്ട് റീല്‍സ് വീഡിയോകളിലൂടെയും മറ്റും ഇന്നും ആസ്വാദകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന ഗാനമാണ്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പോലും താരം ഇടം പിടിച്ചിട്ടുണ്ട്. മികച്ച സിനിമകള്‍ മാത്രമല്ല മലയാളസിനിമയ്ക്ക് ഒരുപാട് പുതുമുഖ താരങ്ങളെയും ബാലചന്ദ്രമേനോന്‍ സമ്മാനിച്ചിട്ടുണ്ട്. ശോഭന, പാര്‍വ്വതി, മണിയന്‍പിള്ള രാജു, കാര്‍ത്തിക, ആനി, നന്ദിനി തുടങ്ങിയ മുന്‍നിര നടിനടന്മാര്‍ താരത്തിന്റെ കൈപിടിച്ചാണ് സിനിമയിലെത്തിയത്.