തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് സാക്ഷാത്കരിച്ച നിര്‍വൃതിയിലാണ് നടന്‍ ബിബിന്‍ ജോര്‍ജ്ജ്. ഇന്നലെയായിരുന്നു തന്റെ സ്വപ്‌ന ഭവനത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങ്. ബിബിന്റെ കൊച്ചിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് സിനിമാരംഗത്തു നിന്നും നിരവധി പേര്‍ എത്തിയിരുന്നു. ദിലീപ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി എന്നിവരെല്ലാം ഗൃഹപ്രവേശ ചടങ്ങിന് എത്തിയിരുന്നു. 'എട്ടുതൈക്കല്‍ വിന്‍സന്റിന്റെ വീട്' എന്നാണ് വീടിനു ബിബിന്‍ പേര് നല്‍കിയിരിക്കുന്നത്.
ചെറിയ വേഷങ്ങളിലൂടെ അഭിനയം തുടങ്ങി പിന്നീട് നായകനായി മാറിയ നടനാണ് ബിബിന്‍. ഷാഫി സംവിധാനം ചെയ്ത 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയിലാണ് ബിബിന്‍ ആദ്യമായി നായകനായത്. അതുകൊണ്ട് തന്നെ കയറി വരുന്ന മുറിയില്‍ സംവിധായകന്‍ ഷാഫിയുടെ വലിയൊരു ചിത്രവും ഓര്‍മയ്ക്കായി ബിബിന്‍ നല്‍കിയിരിക്കുന്നു. ചെറിയ വേഷങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന ബിബിന്‍ ആദ്യമായി നായകനാകുന്നത് ഷാഫി സംവിധാനം ചെയ്ത 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രത്തിലാണ്.
ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ള ബിബിന്‍ കഠിനപ്രയത്നത്തിലൂടെയാണ് മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയത്. അഭിനയത്തിനൊപ്പം തിരക്കഥാകൃത്തായും ശ്രദ്ധിക്കപ്പെട്ടു. ബിബിന്റെ അച്ഛന്‍ വിന്‍സെന്റ് കല്‍പ്പണിക്കാരനാണ്. അമ്മ ലിസി വീട്ടമ്മയും..
ആറാം ക്ലാസ് മുതല്‍ മിമിക്രി ചെയ്യാന്‍ തുടങ്ങിയിരുന്നു. കുട്ടിക്കാലം മുതല്‍ ഒന്നിച്ചുള്ള സുഹൃത്ത് വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം കലാഭവനില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്.കലാഭവനില്‍ ചേര്‍ന്ന ബിബിന്‍ പതിനേഴു വയസ്സു മുതല്‍ ടെലിവിഷന്‍ പരിപാടികള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതുന്നുണ്ട്. സ്‌കൂള്‍ കാലം മുതല്‍ ഒന്നിച്ചുള്ള വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് ബിബിന്‍ നിരവധി സ്‌ക്രിപ്റ്റുകള്‍ എഴുതി. നാദിര്‍ഷ സംവിധാനം ചെയ്ത 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിന്റെ തിരക്കഥ ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. 'കട്ടപ്പനയിലെ ഋത്വിക് റോഷനും' ഇരുവരും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ്.
'ഒരു യമണ്ടന്‍ പ്രേമകഥ', മാര്‍ഗം കളി, ഷൈലോക്ക് എന്നിവയുള്‍പ്പെടെ പത്തോളം സിനിമകളില്‍ ബിബിന്‍ അഭിനയിച്ചിട്ടുണ്ട്. 'കൂടല്‍' ആണ് ബിബിന്റേതായി ഔടുവില്‍ റിലീസ് ചെയ്ത സിനിമ.
തിരക്കഥാകൃത്തുക്കളും നടന്മാരുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച് ഒരു സിനിമയും സംവിധാനം ചെയ്തിരുന്നു, 'വെടിക്കെട്ട്'. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബിബിനും വിഷ്ണുവും ചേര്‍ന്നായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളും ഇവരായിരുന്നു. പുതുമുഖ താരം ഐശ്വര്യ അനില്‍കുമാറായിരുന്നു ചിത്രത്തിലെ നായിക.