സംഗീതസംവിധായകനും ഗായകനുമായ ബിജിബാല്‍, അന്തരിച്ച ഭാര്യ ശാന്തിയെ ഓര്‍ത്തു ഹൃദയസ്പര്‍ശിയായ ഒരു ഗാനം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പ്രശസ്ത ഗായിക എസ്. ജാനകിയുടെ ശബ്ദത്തില്‍ ജനപ്രിയമായ 'വീണേ വീണേ വീണക്കുഞ്ഞേ' എന്ന ഗാനമാണ് ബിജിബാല്‍ ആലപിച്ചത്. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ ശാന്തിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിഡിയോയ്‌ക്കൊപ്പമാണ് ഗാനം പുറത്തിറക്കിയത്. 'വീണേ' എന്ന വാക്കിനൊപ്പം ഹാര്‍ട്ട് ഇമോജിയും ചേര്‍ത്തതാണ് ബിജിബാലിന്റെ പോസ്റ്റ് കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കിയത്.
ബിജിബാലിന്റെ പോസ്റ്റ് കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയായിരുന്നു. ''എത്ര മനോഹരമായി താങ്കള്‍ ഒരാളെ സ്‌നേഹിക്കുന്നു'' എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ''ശാന്തി ഭാഗ്യമുള്ള ആത്മാവാണ്'' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ശാന്തിയുടെ കഴിഞ്ഞ ജന്മദിനത്തോടനുബന്ധിച്ച് ബിജിബാല്‍ പങ്കുവച്ച വീഡിയോയും അന്നേ ദിവസം ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.
2017 ഓഗസ്റ്റില്‍ തലച്ചോറില്‍ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ശാന്തി മരിക്കുന്നത്. 2002-ലെ ലോകസംഗീതദിനത്തില്‍ ഇരുവരുടെയും വിവാഹം നടന്നിരുന്നു. രണ്ട് മക്കളാണ് ബിജിബാലിനും ശാന്തിക്കും ഉള്ളത്. നൃത്തരംഗത്ത് സജീവമായിരുന്ന ശാന്തി, 'രാമന്റെ ഏദന്‍തോട്ടം' ഉള്‍പ്പെടെ പല ചിത്രങ്ങള്‍ക്കായി നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയും ചെയ്തിരുന്നു. ശാന്തിയുടെ വിയോഗശേഷം ഓരോ വിശേഷ ദിനങ്ങളിലും ബിജിബാല്‍ ഭാര്യയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന വിഡിയോകള്‍ പുറത്തുവിടാറുണ്ട്.