Latest News

നടന് മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പില്‍'ഏകനായി താമസിക്കുന്ന ചെറിയ വീട് എന്ന പരാമര്‍ശം; ജി വേണുഗോപാലിനെതിരെ ശ്രീകുമാരന്‍ തമ്പി;'കാര്യങ്ങള്‍ പൊലിപ്പിച്ച് എഴുതുന്നത് ശരിയല്ല, സിനിമയ്ക്ക് വേണ്ടി സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചുവെന്നത് അസത്യമെന്ന് ഗാനരചയിതാവിന്റെ കുറിപ്പ്

Malayalilife
നടന് മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പില്‍'ഏകനായി താമസിക്കുന്ന ചെറിയ വീട് എന്ന പരാമര്‍ശം; ജി വേണുഗോപാലിനെതിരെ ശ്രീകുമാരന്‍ തമ്പി;'കാര്യങ്ങള്‍ പൊലിപ്പിച്ച് എഴുതുന്നത് ശരിയല്ല, സിനിമയ്ക്ക് വേണ്ടി സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചുവെന്നത് അസത്യമെന്ന് ഗാനരചയിതാവിന്റെ കുറിപ്പ്

മുതിര്‍ന്ന നടന്‍ മധുവിന് പിറന്നാള്‍ ആശംസകളറിയിച്ച് ജി. വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പിനെതിരേ ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.  വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ തെറ്റായ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ്  ശ്രീകുമാരന്‍ തമ്പി കുറിക്കുന്നത്. വ്യക്തമായ ധാരണയില്ലാതെ പ്രമുഖ വ്യക്തികളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ എഴുതുന്നത് വേണുഗോപാലിന്റെ പതിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

നടന്‍ മധുവിന്റെ ജന്മദിനാശംസകളോടനുബന്ധിച്ചാണ് ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍, മധു ജനിച്ചത് തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും പോസ്റ്റില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ വാര്‍ത്തകളും ഗോസിപ്പുകളും പ്രചരിപ്പിക്കരുത്. പാതി കേട്ട് കാര്യങ്ങള്‍ പൊലിപ്പിച്ച് എഴുതുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:  ജി വേണുഗോപാല്‍ നന്നായി പാടുന്ന ഗായകനാണ്. ഏതാനും ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി മലയാള ഗാനശാഖയ്ക്കു ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തില്‍ ഞാന്‍ എഴുതിയ ''ഉണരുമീ ഗാനം ''.. എന്ന പാട്ടിനായിരുന്നു അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന അവാര്‍ഡുകളില്‍ ഒന്ന് . പക്ഷെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ അദ്ദേഹത്തിന് യേശുദാസിന്റെയോ പി ജയചന്ദ്രന്റെയോ എം ജി ശ്രീകുമാറിന്റെയോ നിലയിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇന്ന് വേദനയോടെ അദ്ദേഹത്തെ കുറിച്ച് ഒരു സത്യം പറയട്ടെ. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. ഒന്ന് രണ്ടു അനുഭവങ്ങള്‍ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ട്. 

എന്നാല്‍ ഇന്ന് ഞാന്‍ ഇതിവിടെ പറയാന്‍ കാരണം, ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടില്‍ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് ജി വേണുഗോപാല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്. കഴിഞ്ഞ അറുപതു വര്‍ഷക്കാലമായി മധുച്ചേട്ടനോടൊപ്പം സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുകയും ഒരു അനുജനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബവുമായി ഇടപഴകുകയും ചെയ്യുന്ന എനിക്ക് ഈ വിവരക്കേടിനെതിരെ പ്രതികരിയ്ക്കാതിരിക്കാനാവില്ല. ഞാന്‍ സംവിധാനം ചെയ്ത ഇരുപത്തൊന്‍പത് പടങ്ങളില്‍ പത്ത് പടങ്ങളില്‍ നായകന്‍ ശ്രീ. മധുവാണ്. അതുപോലെ മധു ചേട്ടന്‍ നിര്‍മ്മിച്ച പല ചിത്രങ്ങള്‍ക്കും പാട്ടെഴുതിയത് ഞാന്‍ ആയിരുന്നു. 

മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാല്‍ എഴുതിയത് മുഴുവന്‍ ശുദ്ധ അസംബന്ധമാണ്. മധുച്ചേട്ടന്റെ സ്വദേശം കണ്ണമ്മൂല അല്ല, ഗൗരീശപട്ടം ആണ്. ധാരാളം സ്വത്തുവകകള്‍ ഉള്ള ഒരു ജന്മിത്തറവാട്ടിലെ അംഗം. മധു ചേട്ടന്റെ പിതാവ് പരമേശ്വരന്‍ നായര്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആയിരുന്നു. മധു ചേട്ടന്‍ ഇന്നു താമസിക്കുന്ന കണ്ണമ്മൂലയിലുള്ള '' ശിവഭവനം'' എന്ന വീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെ ജന്മഹൃഹമാണ്. ധാരാളം ഭൂസ്വത്തുക്കള്‍ സ്വന്തമായുള്ള ഒരു വലിയ തറവാട്. 

അദ്ദേഹം ''ഏകനായി താമസിക്കുന്ന ചെറിയ വീട് ''എന്നു വേണുഗോപാല്‍ വിശേഷിപ്പിക്കുന്ന മധു ചേട്ടന്റെ വീടിനു ഒരു ഹാളും അഞ്ചു മുറികളും ഉണ്ട്. രണ്ടുമുറികള്‍ ബേസ്മെന്റില്‍ ആണുള്ളത്. ആ വീട് മധു ചേട്ടന്‍ സ്വന്തം പണം കൊണ്ട് തന്റെ സ്വന്ത ഇഷ്ടപ്രകാരം നിര്‍മ്മിച്ചതാണ്. അവിടെ അദ്ദേഹം തനിച്ചല്ല താമസം. അദ്ദേഹത്തിന്റെ ഒരു പേര്‍സണല്‍ ഓഫീസ് പോലെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആരാധകരെയും സ്വീകരിക്കുന്ന ഇടം. ആ കോമ്പൗണ്ടില്‍ ആകെ മൂന്നു വലിയ കെട്ടിടങ്ങള്‍ ഉണ്ട്. ഒന്ന് മധുച്ചേട്ടന്റെ ഭാര്യയുടെ ജന്മഗൃഹമായ ശിവഭവനം. അതിനു പിന്നിലായി പണിത പുതിയ വീട്ടില്‍ മധുച്ചേട്ടന്റെ ഏക മകള്‍ ഡോ. ഉമാ നായരും ഭര്‍ത്താവ് എന്‍ജിനീയറും വിദ്യാഭ്യാസ വിദഗ്ധനുമായ കൃഷ്ണകുമാറും അവരുടെ ഏക മകനും കുടുംബവും താമസിക്കുന്നു. 

കൃഷ്ണകുമാറിന്റെ പിതാവ് ശ്രീ. പദ്മനാഭന്‍ നായരും അവരോടൊപ്പം സന്തോഷമായിരിക്കുന്നു. മധു ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. മധു ചേട്ടന്റെ സഹായികളായി രണ്ടു പേര്‍ കൂടിയുണ്ട് ആ വലിയ വീട്ടില്‍ . ഞങ്ങളെ പോലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പതിവായി ഇവരെയെല്ലാം ഒരുമിച്ചു സന്ദര്‍ശിച്ചു സന്തോഷ നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നു. 

ഇങ്ങനെ ഒരു വലിയ കൂട്ടൂ കുടുംബത്തിന്റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരന്‍ വേണുഗോപാല്‍ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്.അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടന്‍ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റില്‍ ഉണ്ട് വേണുഗോപാലിനെ പോലുള്ളവര്‍ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല. വേണുഗോപാല്‍ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാല്‍ മധുച്ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നല്‍കിയിട്ടുള്ളൂ. അദ്ദേഹം അഭിനയിച്ചു സമ്പാദിച്ച പണം കൊണ്ടാണ് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്.( ഉമാ സ്റ്റുഡിയോ ആദ്യം തുടങ്ങിയത് ചെന്നൈയില്‍ ആയിരുന്നു. അന്ന് അതിനു വേണ്ടി പ്ലാന്‍ തയ്യാറാക്കുകയും നിര്‍മ്മാണം തുടങ്ങുകയും ചെയ്ത എഞ്ചിനീയര്‍ ഞാന്‍ ആയിരുന്നു. അതുകൊണ്ട് അന്നു മുതലുള്ള കാര്യങ്ങള്‍ എനിക്കറിയാം). 

തിരുവനന്തപുരത്തെ ഉമാ സ്റ്റുഡിയോ ഏഷ്യാനെറ്റിന് വിറ്റു കിട്ടിയ പണവും അദ്ദേഹം പാഴാക്കുകയോ സിനിമയില്‍ നിക്ഷേപിക്കയോ ചെയ്തില്ല. ആ പണം കൊണ്ട് പുളിയറക്കോണം എന്ന സ്ഥലത്തു തന്നെ ഒരു വലിയ പുരയിടം വാങ്ങി കെട്ടിടം വെച്ചു. വീണ്ടും അതു ലാഭത്തിനു വിറ്റു പുതിയ പുരയിടങ്ങള്‍ വാങ്ങുകയും കെട്ടിടങ്ങള്‍ വെയ്ക്കുകയും ചെയ്തതല്ലാതെ ഒരു രൂപ പോലും നശിപ്പിക്കുകയോ സിനിമയ്ക്കായി കൊടുക്കുകയോ ചെയ്തിട്ടില്ല. സിനിമാ നിര്‍മ്മാണവും മധു ചേട്ടന് നഷ്ടമൊന്നും വരുത്തിയിട്ടില്ല. സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത വേണുഗോപാലിന് അതു പറഞ്ഞാലും മനസ്സിലാവില്ല. ഇരുപത്താറു ചിത്രങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കുകയും അതുവഴി ലാഭ നഷ്ടങ്ങള്‍ മനസിലാക്കുകയും ചെയ്ത എനിക്കതറിയാം. 

 അതുകൊണ്ട് വേണുഗോപാലിനോട് എനിക്ക് ഒരു അഭ്യര്‍ത്ഥന ഉണ്ട്. സിനിമാ രംഗത്തും സംഗീതരംഗത്തുമുള്ളവരെയുമൊക്കെ കുറിച്ച് അവിടുന്നും ഇവിടുന്നുമൊക്കെ പാതി കേട്ട് പിന്നെ അതു പൊലിപ്പിച്ച് ഗോസിപ്പാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് ഒരു ഫാഷനായി ചിലര്‍ കൊണ്ടു നടക്കുന്ന ഈ കാലത്ത് മധു ചേട്ടനെ പോലുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ എഴുതി കയ്യടി നേടാന്‍ ശ്രമിയ്ക്കരുത്. ലാളിത്യത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് മധു ചേട്ടന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നവരോട് യാതൊരു വിധ പ്രതാപത്തിന്റെയും അകമ്പടിയില്ലാതെ തികച്ചും എളിമയോട് കൂടി ഇടപെടുന്നു മലയാളത്തിന്റെ അഭിമാനവും ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്‍പ്പെടെ അര്‍ഹനുമായ ആ വലിയ കലാകാരന്‍...!
 

criticizes singer g venugopal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES