നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ നടി അന്‍സിബയോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. അന്‍സിബയുടെ മൊഴി കോടതി രേഖപ്പെടുത്തും. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തന്നെ അപമാനിച്ചെനാണ് അന്‍സിബയുടെ പരാതി.
പാലാരിവട്ടം പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് നടി കോടതിയിലെത്തിയത്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് പൊലീസ് കോടതിയെ അറിയിച്ചത്. ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ തൃപ്പൂണിത്തുറ പൊലീസില്‍ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തില്ല. നടി കോടതിയെ സമീപിച്ച് ഉത്തരവ് നേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയിട്ടും കമ്മീഷണര്‍ ഇടപ്പെട്ടില്ലെന്ന് ആരോപിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെ അന്‍സിബ കോടതിയെ സമീപിച്ചിരുന്നു.
ലക്ഷ്മിപ്രിയക്കും യൂട്യൂബ് ചാനലിനുമെതിരെ ജൂണ്‍ 26നായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് കേസില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു.
കേസ് പരിഗണിക്കവെയാണ് അന്‍സിബയോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്. അടുത്തമാസം 29-ന് മുമ്പ് കോടതിയില്‍ ഹാജരാവണം.
നേരത്തെ സമാനരീതിയില്‍ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചിരുന്നു. ടിനി ടോമിനും മറ്റൊരു സംഭവത്തില്‍ ലക്ഷ്മിപ്രിയയ്ക്കുമെതിരെയായിരുന്നു പരാതി.അന്ന് അന്‍സിബ കോടതിയെ സമീപിച്ചു. ഇരുപരാതികളിലും കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.