വരാനിരിക്കുന്ന 'ഇഡ്‌ലി കടൈ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടന്‍ ധനുഷ് പങ്കുവെച്ച ഒരു ഓര്‍മ്മയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ''കുട്ടിക്കാലത്ത് ഇഡ്‌ലി കഴിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ പൂക്കള്‍ വിറ്റാണ് ഇഡ്‌ലിക്കുള്ള പണം കണ്ടെത്തിയത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, പ്രസ്താവനയ്ക്കുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒരു പ്രശസ്ത സംവിധായകന്റെ മകന്‍ക്ക് ഇഡ്‌ലി വാങ്ങാന്‍ പോലും പണമില്ലാതിരുന്നതെങ്ങനെ? എന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ചോദ്യങ്ങള്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി പറഞ്ഞ കഥയാണിതെന്ന് പലരും ആരോപിച്ചു.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ധനുഷ് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ പ്രതികരിച്ചു. ''ഞാന്‍ 1983-ലാണ് ജനിച്ചത്. 1991-ലാണ് അച്ഛന്‍ (സംവിധായകന്‍ കസ്തൂരിരാജ) സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ കാലയളവില്‍ ഞങ്ങളുടെ കുടുംബത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. 1994-ല്‍ ഞങ്ങള്‍ നാലു കുട്ടികളായി. പഠിപ്പിക്കണം, വളര്‍ത്തണം, എല്ലാം നോക്കണം അപ്പോള്‍ അച്ഛന് ഏറെ സമ്മര്‍ദ്ദമായിരുന്നു. ജീവിതം കുറച്ച് മെച്ചപ്പെട്ടത് 1995-ഓടെയാണ്. അതിന് മുമ്പ്, ചെറിയ ആവശ്യങ്ങള്‍ പോലും കുടുംബത്തില്‍ നിന്ന് ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ നാല് കുട്ടികളും വീട്ടിലെ അവസ്ഥ മനസ്സിലാക്കി വളര്‍ന്നവരാണ്. വീട്ടില്‍ നിന്ന് പണം ചോദിക്കാറില്ല. അതിനാലാണ് ഞാന്‍ ചെറിയ ജോലികള്‍ ചെയ്ത്, പൂക്കള്‍ വിറ്റ് കിട്ടിയ പണം കൊണ്ട് ഇഡ്‌ലി വാങ്ങിയിരുന്നത്,'' എന്നാണ് ധനുഷ് പറഞ്ഞത്.
ഒക്ടോബര്‍ ഒന്നിനാണ് 'ഇഡ്‌ലി കടൈ' റിലീസിന് എത്തുന്നത്. അരുണ്‍ വിജയ്, രാജ് കിരണ്‍, നിത്യ മേനോന്‍, ശാലിനി പാണ്ഡെ, സമുദ്രക്കനി, പാര്‍ത്ഥിപന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജ 1991-ല്‍ സിനിമയില്‍ പ്രവേശിച്ചു. പിന്നീട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തും നിര്‍മ്മിച്ചും അദ്ദേഹം പേരെടുത്തിട്ടുണ്ട്. ധനുഷ്, സെല്‍വരാഘവന്‍, വിമല ഗീത, കാര്‍ത്തിക ദേവി എന്നിവര്‍ ആണ് കസ്തൂരിരാജയുടെ നാല് മക്കള്‍.