മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം'പേട്രിയറ്റ്'ന് വിലക്കുമായി ഫിയോക്. തിയേറ്റര്‍ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത.സിനിമയുമായി കരാര്‍ വയ്ക്കരുതെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് സംഘടനയായ FEUOK തിയേറ്ററുകളെ അറിയിച്ചു. ഏപ്രില്‍ 23 നാണ് സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
മലയാള സിനിമകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ ആദ്യ ആഴ്ചയില്‍ 60 ശതമാനം വിഹിതവും രണ്ടാം ആഴ്ചയില്‍ 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവുമാണ് നല്‍കുന്നത്. എന്നാല്‍ പേട്രിയറ്റിന്റെ നിര്‍മാതാക്കള്‍ ആദ്യത്തെ രണ്ടാഴ്ചയിലും 60 ശതമാനം വിഹിതം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് എഗ്രിമെന്റ് വയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഫിയോക്ക് രംഗത്ത് എത്തിയിരിക്കുന്നത്.
ആദ്യ രണ്ടാഴ്ചയിലും 60 ശതമാനം എന്ന കണക്കില്‍ സിനിമ ഓടാന്‍ സാധിക്കില്ലെന്നും അത് വന്‍ നഷ്ടമാകും തിയറ്ററുകാര്‍ക്ക് നല്‍കുകയെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു. മള്‍ട്ടി പ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്ക് 60, 55 ശതമാനം എന്നതില്‍ നിന്നും കുറച്ചാണ് നിര്‍മാതാക്കള്‍ എഗ്രിമെന്റ് കൊടുത്തിരിക്കുന്നതെന്നും ഫിയോക്ക് പറയുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.