കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലൂടെ വന്ന് ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. 'ടേക്ക് ഓഫ്', 'കമ്മാര സംഭവം', 'തമാശ', 'മാലിക്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രമാണ് ദിവ്യയുടെ കരിയര്‍ മാറ്റിയെഴുതിയത്.
ഈ ചിത്രത്തിലെ പ്രകടനത്തിന് ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള നോമിനേഷനും താരത്തിന് ലഭിച്ചിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് കരസ്ഥമാക്കിയ പായല്‍ കപാഡിയയുടെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ ദിവ്യ പ്രഭയുടെ വേഷം രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായി.
കൃഷാന്ത് സംവിധാനം ചെയ്ത 'മസ്തിഷ്‌ക മരണം' എന്ന ചിത്രമാണ് ദിവ്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചും തന്റെ പങ്കാളിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പാര്‍ട്ണര്‍ഷിപ്പ് ഇഷ്ടപ്പെടുന്നയാള്‍ തന്നെയാണ് ഞാന്‍. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോള്‍. അതിനെല്ലാം ഒപ്പം ചേര്‍ന്നു പോകുന്ന പറ്റിയ ഒരാള്‍ വരുമ്പോള്‍ ഒന്നിക്കുമായിരിക്കും.
പക്ഷേ, എഗ്രിമെന്റില്‍ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാന്‍ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാര്‍ട്ണര്‍ വേണം. അത്രേയുള്ളൂ.' - ദിവ്യ പ്രഭ വ്യക്തമാക്കുന്നു. വിവാഹം കഴിക്കണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
വീട്ടിലെ എല്ലാവരുടേതും പ്രണയവിവാഹമായിരുന്നു. അച്ഛന്‍ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയിച്ച് വിവാഹിതരായവരാണ്. സഹോദരിമാരുടേതും പ്രണയവിവാഹമായിരുന്നു. അതുകൊണ്ടുതന്നെ അറേഞ്ച്ഡ് മാര്യേജ് എന്ന രീതി വീട്ടുകാര്‍ക്ക് പരിചയമില്ലെന്നും ഒന്നിനും അനുവാദം ചോദിക്കേണ്ടി വരാത്ത അത്രയും സ്വാതന്ത്ര്യം തനിക്ക് വീട്ടില്‍ ലഭിക്കുന്നുണ്ടെന്നും ദിവ്യ പറയുന്നു.
അഭിനയം ഒരു വരുമാന മാര്‍ഗ്ഗമായി സ്വീകരിക്കുമ്പോള്‍ അത് എത്രത്തോളം വിജയകരമാകും എന്ന കാര്യത്തില്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നത്. എങ്കില്‍പ്പോലും തന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ അവര്‍ വന്നിട്ടില്ലെന്നും, താന്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന സ്വതന്ത്രയായ ഒരു വ്യക്തിയാണെന്നും ദിവ്യ പ്രഭ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. താരത്തിന്റെ ഈ തുറന്നുപറച്ചില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.