തന്റെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളും ഉയര്‍ന്നിരിക്കെ പ്രതികരണവുമായി ദിയ കൃഷ്ണ. തനിക്കും തന്റെ കുഞ്ഞിനും മുഴുവന്‍ കുടുംബത്തിനും വളരെ കഠിനമായ ദിവസങ്ങളിലൂടെ ആയിരുന്നു കടന്നു പോകേണ്ടി വന്നതെന്ന് ദിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്നെയും കുടുംബത്തിനെയും പിന്തുണച്ചവര്‍ക്കുള്ള നന്ദിയും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ദിയ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എനിക്കും എന്റെ കുഞ്ഞിനും എന്റെ മുഴുവന്‍ കുടുംബത്തിനും വളരെ കഠിനമായിരുന്നു. എന്നെയും എന്റെ മുഴുവന്‍ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങള്‍ക്കും എന്റെ എല്ലാ ഫോളോവേഴ്‌സിനും മറ്റെല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഒരു നിമിഷം ആഗ്രഹിക്കുന്നു. ഈ ദിവസങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. ഇത് എന്നെ മനസ്സുകൊണ്ടും ഹൃദയംകൊണ്ടും കൂടുതല്‍ ശക്തയാക്കി. കുറ്റകൃത്യങ്ങള്‍ക്കെതിരെ നമ്മള്‍ കേരളീയര്‍ എത്രത്തോളം ശക്തരാണെന്ന് എന്നെ ബോധ്യപ്പെടുത്തി. എനിക്കും എന്റെ കുടുംബത്തിനും നല്‍കിയ അതിരറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി', ദിയ കൃഷ്ണ കുറിച്ചു.
നേരത്തെ ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയും പോസ്റ്റുമായി എത്തിയിരുന്നു. സഹോദരി ദിയ കൃഷ്ണയ്ക്കും കുടുംബത്തിനും മലയാളി സമൂഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഹാനയുടെ കുറിപ്പ്. തനിക്കും തന്റെ കുടുംബത്തിനും മേല്‍ എല്ലാവരും ചൊരിഞ്ഞ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അഹാന പറഞ്ഞു. കേസില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും നമ്മുടെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അഹാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒ ബൈ ഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്ഫോമിലെ സ്ഥാപനത്തിലാണ് ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രം?ഗത്ത് വന്നത്. 69 ലക്ഷം രൂപ നഷ്ടമായത് കൂടാതെ സ്റ്റോക്കുകളിലും കുറവ് കാണുന്നുണ്ടെന്ന് ദിയയുടെ അച്ഛനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍ വ്യക്തമാക്കി.
തുടര്‍ന്ന് അന്വേഷണത്തില്‍ മുന്‍ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ദിയയും കൃഷ്ണകുമാറും തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും കുറ്റസമ്മത വീഡിയോ ഭീഷണിപ്പെടുത്തി എടുത്തതാണെന്നും കാണിച്ച് ജീവനക്കാരികള്‍ പരാതി നല്‍കിയിട്ടുണ്ട്.