ഡ്യൂഡ് സിനിമയില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെയാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നത്. നിര്‍മാതാക്കള്‍ പണം നല്‍കാന്‍ തയ്യാറാവുകയായിരുന്നു.
ചിത്രത്തില്‍ തന്റെ കറുത്ത മച്ചാന്‍, നൂറ് വര്‍ഷം എന്നീ പാട്ടുകള്‍ വികലമാക്കിയും, അനുമതിയില്ലാതെയും ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. നേരത്തെ അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ ഒത്ത റൂപായും തരേന്‍, ഇളമൈ ഇതോ ഇതോ എന്ന പാട്ടുകളും ഉപയോഗിച്ചതായി മൈത്രി മൂവി മേക്കേഴ്സിനെതിരെ ഇളയരാജ പരാതി നല്‍കിയിരുന്നു.
അനുമതിയില്ലാതെ പാട്ടുകള്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. ഇളയരാജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കോടതി ഡ്യൂഡില്‍ ഈ പാട്ടുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
പണം നല്‍കിയതോടെ ഡ്യൂഡിലെ പാട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ധാരണയായി. അതേസമയം ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്ന പാട്ടുകള്‍ ഗാനങ്ങള്‍ ഒഴിവാക്കാനും നിര്‍മാതാക്കള്‍ സമ്മതിച്ചു.