നടന്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാറുകളില്‍ നിന്നും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ കസ്റ്റംസ് വിട്ട് നല്‍കി. ഉപാധികളോടെയാണ് കസ്റ്റംസ് താരത്തിന് കാര്‍ വിട്ട് നല്‍കിയത്. 'ഓപ്പറേഷന്‍ നുംഖോറി'ന്റെ ഭാഗമായിട്ടാണ് ദുല്‍ഖറിന്റെ കാര്‍ പിടിച്ചെടുത്തിരുന്നത്. ഭൂട്ടാനില്‍നിന്ന് അനധികൃതമായി കടത്തിയതായി സംശയിച്ച് കസ്റ്റംസ് പിടികൂടിയ 43 ആഡംബര വാഹനങ്ങളില്‍ 39 എണ്ണം ഇതിനകം വിട്ടുകിട്ടിയതായും, ദുല്‍ഖറിന്റേതടക്കം നാലു വാഹനങ്ങള്‍ മാത്രം ഇനി വകുപ്പിന്റെ കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
തൃശൂര്‍ സ്വദേശിയായ റോബിന്റെ വാഹനവും ഇന്നു വിട്ടുകൊടുത്തവയില്‍ ഉള്‍പ്പെടുന്നു. ദുല്‍ഖറിന്റെ 3 വാഹനങ്ങള്‍ രണ്ടു ഘട്ടങ്ങളിലായി കസ്റ്റംസ് പിടികൂടിയിരുന്നു. ആദ്യം പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കസ്റ്റംസിനെ അപേക്ഷ പരിഗണിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്, ഉപാധികളോടെ വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ് തീരുമാനിച്ചു.
വാഹനം തിരികെ ലഭിക്കാന്‍, ഉടമസ്ഥന്‍ വിലയുടെ 20 ശതമാനം തുക ബാങ്ക് ഗാരന്റിയായി സമര്‍പ്പിക്കണമെന്നും, ആവശ്യപ്പെട്ടാല്‍ വാഹനം ഹാജരാക്കണമെന്നും കസ്റ്റംസ് വ്യവസ്ഥപ്പെടുത്തുന്നു. വാഹനത്തിന്റെ ഉടമസ്ഥത മാറ്റാനും രൂപം മാറ്റാനും അനുമതിയില്ല. നിലവില്‍ ദുല്‍ഖറിന്റെ നിസാന്‍ പട്രോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റ് പാര്‍ക്കിങ്ങില്‍നിന്നാണ് അത് പിടിച്ചെടുത്തത്.
ഭൂട്ടാനില്‍നിന്ന് ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തി, ഹിമാചല്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത്, പിന്നീട് കേരളത്തിലടക്കം വില്‍ക്കുന്ന സംഘത്തെക്കുറിച്ചാണ് അന്വേഷണസംഘം അന്വേഷണം തുടരുന്നത്. കസ്റ്റംസിന്റെ കണക്കുപ്രകാരം, ഇത്തരത്തില്‍ 200-ഓളം വാഹനങ്ങള്‍ ഇതിനകം കേരളത്തിലെത്തിയിട്ടുണ്ട്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലടക്കം നടത്തിയ പരിശോധനകള്‍ക്കുശേഷമാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.