രണ്ടാഴ്ച മുമ്പാണ് എലിസബത്ത് ഉദയന്‍ ജോലിയും പഠനവും ഒക്കെ ചെയ്യുന്ന മെഡിക്കല്‍ കോളേജിലെ വലിയ കോമ്പൗണ്ടിലേക്ക് അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും പറയുന്നയര്‍ന്ന വിമാനം ഇടിച്ചു കയറിയത്. എലിസബത്തിന്റെ നിരവധി സുഹൃത്തുക്കള്‍ക്കാണ് ആ സംഭവത്തില്‍ ജീവന് നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കുവാന് എലിസബത്തും പ്രവര്‍ത്തിച്ചിരുന്നു. പിന്നാലെയാണ് ആ നടുക്കുന്ന സംഭവം കണ്മുന്നില് ഉണ്ടായതിന്റെ ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയതും. ഇപ്പോഴിതാ, 275 മരണങ്ങള് സംഭവിച്ച ആ ദുരന്തഭൂമിയില്‍ നിന്നും ഒരാശ്വാസ വാര്‍ത്തയുമായാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കും പരുക്ക് പറ്റിയവര്‍ക്കും കൈത്താങ്ങ് ആയി എത്തിയ മലയാളിയായ ഡോക്ടര്‍ ഷംഷീര്‍ വയലിലിനെ പ്രശംസിച്ചാണ് ഡോ. എലിസബത്ത് ഉദയന്‍ സംസാരിക്കുന്നത്.
മലയാളി ആയതില്‍ അഭിമാനം തോന്നുന്നുവെന്നും ഒരുപാട് സന്തോഷം തോന്നിയതുകൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നും എലിസബത്ത് പറയുന്നു. കേരളത്തിലെ പ്രമുഖ വ്യവസായിയുടെ മരുമകന് കൂടിയാണ് ഡോക്ടര്‍ ഷംഷീര്‍ വയലില്‍. ''ഞങ്ങളുടെ മെഡിക്കല്‍ കോളേജില്‍ വിമാന അപകടം ഉണ്ടായത് എല്ലാവരും വാര്‍ത്തകളില്‍ കണ്ടിട്ടുണ്ടാകും. വിമാനാപകടത്തില്‍ പെട്ട ആളുകളെ സഹായിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അതുകൂടാതെ മലയാളി ആയുള്ള ഡോക്ടര്‍ ഷംഷീര്‍ വയലില്‍ ഇവിടെ മരിച്ചവരുടെ കുടുംബത്തിനും അതുപോലെതന്നെ പരുക്കേറ്റ ആള്‍ക്കാര്‍ക്കും ധനസഹായം നല്‍കും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നാണ് ആ ഒരു തുക കൈമാറിയത്. അര്‍ഹതപ്പെട്ട ചിലര്‍ക്ക് ആശുപത്രിയില്‍ വച്ചുതന്നെ നേരിട്ട് ധനസഹായം നല്കി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തുക സ്റ്റുഡന്റ്സ് കൗണ്‍സിലിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ല, പകരം അദ്ദേഹത്തിന്റെ റെപ്രസന്റേറ്റീവ്സ് ആയിരുന്നു വന്നത്. ഡോക്ടര്‍ ഷംഷീര്‍ വയലില്‍ അദ്ദേഹം ഒരു റേഡിയോളജിസ്റ്റ് ആണ്. അധികം പബ്ലിസിറ്റി കൊടുക്കാതെ വളരെ ശാന്തമായി നടന്ന ഒരു ചടങ്ങില്‍ ആണ് ഈ തുക കൈമാറിയത്. ഇവിടുത്തെ ആഭ്യന്തര മന്ത്രിയൊക്കെ വന്നിരുന്നു. എനിക്കു തോന്നുന്നു ഞാനാണ് ഈ വാര്‍ത്ത പുറത്തുവിടുന്നതെന്ന്. എനിക്ക് ഭയങ്കര സന്തോഷമുണ്ട് അതുകൊണ്ടാണ് ഞാന്‍ ഇതിനെപ്പറ്റി പറയാന്‍ വന്നത്.
ഒരു ദുരന്തം നടക്കുമ്പോള്‍ അവിടെ വന്നു ഉപദ്രവം ഉണ്ടാക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. മനുഷ്യര്‍ക്ക് ഉപകാരം ചെയ്യുന്ന ഇത്തരം ആള്‍ക്കാരുമുണ്ട് എന്നതില്‍ സന്തോഷമുണ്ട്. യൂസഫ് അലി സാറും ഈ ഡോക്ടറും ഒക്കെ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ ജീവിതത്തോട് വിശ്വാസം ഒക്കെ തോന്നിപോകുന്നു. മലയാളി ആയതില്‍ അഭിമാനം തോന്നുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്ന അവരുടെ ബിസിനസുകള്‍ക്കും ആശുപത്രികള്‍ക്കുമൊക്കെ നല്ലതു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.''എലിസബത്ത് ഉദയന്‍ പറഞ്ഞു.
എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവന് രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സില്‍ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലായിരുന്നു എലിസബത്ത്. എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്കാണ് പരുക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഏകദേശം രണ്ടു വര്‍ഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയില്‍ ട്രാന്സ്മിഷന് മെഡിസിനില്‍ പിജി ചെയ്യുകയാണ് എലിസബത്ത്.