അവസരം കിട്ടുമ്പോഴെല്ലാം ഡ്രൈവ് ചെയ്യാറുണ്ട്; ഒരുപാട് ആസ്വദിക്കുന്ന കാര്യം അതാണ്;  ഡ്രൈവ് ചെയ്യുമ്പോള്‍ നന്നായി ചിന്തിക്കാനാകും; ബാഴ്‌സലോണയില്‍ ഊബര്‍ ടാക്സി ഓടിച്ച് ജീവിക്കണം എന്ന റിട്ടയര്‍മെന്റ് പ്ലാനില്‍ മാറ്റമില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ഫഹദ് ഫാസില്‍

Malayalilife
 അവസരം കിട്ടുമ്പോഴെല്ലാം ഡ്രൈവ് ചെയ്യാറുണ്ട്; ഒരുപാട് ആസ്വദിക്കുന്ന കാര്യം അതാണ്;  ഡ്രൈവ് ചെയ്യുമ്പോള്‍ നന്നായി ചിന്തിക്കാനാകും; ബാഴ്‌സലോണയില്‍ ഊബര്‍ ടാക്സി ഓടിച്ച് ജീവിക്കണം എന്ന റിട്ടയര്‍മെന്റ് പ്ലാനില്‍ മാറ്റമില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ഫഹദ് ഫാസില്‍

തമിഴ് ചിത്രം മാരീശന്റെ പ്രമോഷന്‍ ഭാഗമായി ഫഹദ് നലകിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.തന്റെ റിട്ടയര്‍മെന്റ് പ്ലാനിനെ കുറിച്ചാണ് ഫഹദ് പങ്ക് വച്ചത്.പ്രേക്ഷകര്‍ക്ക് എന്റെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ ബാഴ്സലോണയില്‍ ഒരു ഊബര്‍ ഡ്രൈവറായി ജീവിക്കാനാണ് ആഗ്രഹമെന്നാണ് ഫഹദ് പറഞ്ഞത്.സിനിമയില്‍ നിന്നും വിരമിച്ച ശേഷം തനിക്ക് ബാഴ്സലോണയില്‍ ഊബര്‍ ടാക്സി ഡ്രൈവറായി ജീവിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരഭിമുഖത്തിലും ഫഹദ് പറഞ്ഞിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആഗ്രഹം വീണ്ടും തുറന്നുപറയുകയായിരുന്നു നടന്‍.

അന്ന് പറഞ്ഞ ആഗ്രഹം ഇപ്പോഴും മനസിലുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് ഫഹദ് ഇതേകുറിച്ച് മനസുതുറന്നത്. തീര്‍ച്ചയായും  അത് ഇപ്പോഴുമുണ്ടെന്നായിരുന്നു നടന്റെ മറുപടി. 'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് താനും നസ്രിയയും ബാഴ്സലോണയില്‍ പോയിരുന്നു. ഞാന്‍ ഇപ്പോഴും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ ആളുകള്‍ക്ക് എന്നെ പൂര്‍ണമായും മതിയായാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ', ഫഹദ് പറയുന്നു.

'തമാശ മാറ്റിവച്ചാല്‍, ആളുകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നത് മനോഹരമായൊരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരാളുടെ ലക്ഷ്യത്തിനെങ്കിലും സാക്ഷ്യം വഹിക്കാനാകുമല്ലോ. അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ഡ്രൈവ് ചെയ്യാറുണ്ട്. അവിടേയും ഇവിടേയും എവിടേയും. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ വണ്ടിയെടുക്കും. ഞാന്‍ ഇപ്പോഴും ഒരുപാട് ആസ്വദിക്കുന്ന കാര്യമാണത്. എനിക്ക് വേണ്ടി മാത്രമുള്ള എന്റെ സമയമാണത്. ഡ്രൈവ് ചെയ്യുമ്പോള്‍ നന്നായി ചിന്തിക്കാനാകും', ഫഹദ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. അതിന്റെ ഭാഗമായി കഴിഞ്ഞ ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ താനുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഇ-മെയില്‍ ആക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും ഫഹദ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിച്ചാലും ജെന്‍ സി തലമുറയടക്കമുള്ളവരുമായുള്ള ബന്ധം നഷ്ടമാകില്ലെന്നാണ് ഫഹദ് പറയുന്നത്.

''ഞാന്‍ മോശം സിനിമകള്‍ ചെയ്യുന്നതോടെയാകും അവര്‍ക്ക് അന്യനാവുക. അതല്ലാതെ മറ്റൊന്നും എന്നെ അകറ്റില്ല. ഞാന്‍ മോശം സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ആളുകള്‍ എന്നില്‍ നിന്നും അകന്നു പോകാന്‍ ആഗ്രഹിക്കും. ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തുടരുന്നിടത്തോളം അവര്‍ എന്നെ കൂടെ നിര്‍ത്തുമെന്നാണ് വിശ്വാസം. കുറഞ്ഞത് ഈ ചങ്ങാതി എന്തിനോ ശ്രമിക്കുന്നുണ്ട് എന്നെങ്കിലും പറയും'' എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

fahad about uber driver in barcelona

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES