നടന്‍ ഫഹദ് ഫാസില്‍ ബാഴ്സലോണയില്‍ ഊബര്‍ ഡ്രൈവര്‍ ആകാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരുന്നു. ആളുകളെ യാത്രക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നും തനിക്കില്ലെന്ന് ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഊബര്‍ ഡ്രൈവര്‍ എന്ന ജോലിയില്‍ കൂടുതല്‍ ആനന്ദം കണ്ടെത്തുന്നതായും അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എന്തുകൊണ്ട് ബാഴ്സലോണയില്‍ തന്നെ എന്ന ചോദ്യത്തിന് താരമിപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.
'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ത്താഫ് സലിമിനൊപ്പം പേളി മാണിക്കു നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഇതുവരെ ചെയ്യാത്തതും എന്നാല്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതുമായ ഒരു കാര്യം എന്താണ്?' എന്ന പേളിയുടെ ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ ബാഴ്സലോണ സ്വപ്നം പങ്കുവെച്ചത്. 'കുറേ ആഗ്രഹങ്ങളുണ്ട്, അതിലൊന്നാണ് ബാഴ്സലോണയില്‍ ഊബര്‍ ഡ്രൈവര്‍ ആവുക എന്നത്. ആളുകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നത് നല്ല കാര്യമല്ലേ?' ഫഹദ് ചോദിച്ചു.
'ഇവിടെ കൊച്ചിയില്‍ എന്തുകൊണ്ട് ആയിക്കൂടാ?' എന്ന പേളിയുടെ ചോദ്യത്തിന് താരം ചിന്തിക്കാതെ നല്‍കിയ മറുപടി രസകരമായിരുന്നു. 'ഇവിടുത്തെ ട്രാഫിക് വളരെ കൂടുതലാണ്. ബാഴ്സലോണയിലെ റോഡുകള്‍ ഇതിനേക്കാള്‍ മികച്ചതാണെന്നും അവിടുത്തെ ട്രാഫിക് നിയന്ത്രിക്കാന്‍ എളുപ്പമാണെന്നും' ഫഹദ് കൂട്ടിച്ചേര്‍ത്തു.