മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് ജി വേണുഗോപാല്‍. രണ്ടു മാസം മുമ്പാണ് ഗായകന്റെ മകനും യുവ ഗായകനുമായ അരവിന്ദ് വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന സന്തോഷ വാര്‍ത്ത പുറത്തു വന്നത്. ഇപ്പോള്‍ 34 വയസുകാരനായ അരവിന്ദ് ഇപ്പോഴിതാ, കല്യാണത്തിന് അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങാന്‍ തന്റെ വധുവിനേയും കൂട്ടി എത്തിയിരിക്കുകയാണ്. നിറ സന്തോഷത്തോടെ അമ്മൂമ്മ്ക്കരികില്‍ മകനും മരുമകളും നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ജി വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് വിവാഹ ഒരുക്കങ്ങളിലേക്ക് കുടുംബം കടന്നിരിക്കുകയാണെന്ന സൂചനയും പുറത്തു വന്നത്. അതേസമയം, ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്:
''കല്യാണത്തിന് അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങാന്‍ അരവിന്ദും സ്നേഹയും ഇന്നലെ എന്റെ അമ്മയുടെ അടുത്ത് എത്തി. ഓര്‍മ്മകളുടെ വേരറ്റെങ്കിലും അമ്മ ''മോന്‍ '' എന്ന് അവനെ തിരിച്ചറിഞ്ഞു. നിറമുള്ള സാരികള്‍ മാത്രം ധരിച്ചിരുന്ന അമ്മയുടെ ആദ്യത്തെ കീഴടങ്ങലായിരുന്നു ' നൈറ്റി. ' രണ്ടാമത് മുടി മുറിക്കാനുള്ള മൗനാനുവാദവും. അമ്മയുടെ ഇഷ്ട നിറമായ ചുവപ്പില്‍ ഒരു സാരി അമ്മയ്ക്ക് മോന്‍ സമ്മാനിച്ചു. സാരിയിലൂടെ കയ്യോടിച്ച് ''നല്ല സാരി'' എന്ന് അമ്മ മെല്ലെ പറയുന്നുണ്ടായിരുന്നു. കട്ടിലിലും വീല്‍ ചെയറിലും തളയ്ക്കപ്പെട്ട അമ്മയ്ക്ക് ഈ വിവാഹം വന്നു കൂടാന്‍ സാധിക്കില്ല. അമ്മൂമ്മയുടെ അനുഗ്രഹവും സ്നേഹവും എന്നും കുട്ടികള്‍ക്ക് തുണയായിരിക്കട്ടെ. VG എന്നാണ് വേണുഗോപാല്‍ കുറിച്ചത്. ഗായകന്റെ അമ്മയാണിത്.
തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഫോര്‍ വുമണില്‍ മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റ് ഹെഡും സംഗീത അധ്യാപികയും ഒക്കെയായിരുന്നു വേണുഗോപാലിന്റെ അമ്മ സരോജിനി. ഇപ്പോള്‍ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകളുള്ളതിനാല്‍ തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സരോജിനി അമ്മയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പേരക്കുട്ടിയും ഭാവി വധുവും വീട്ടിലേക്ക് നേരിട്ടെത്തി അനുഗ്രഹം വാങ്ങിയത്. അതേസമയം, അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത ലോകത്തേക്ക് എത്തിയതാണ് അദ്ദേഹത്തിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍. ഹൃദയം എന്ന സൂപ്പര്‍ സിനിമയിലെ നഗുമോ എന്ന ഗാനത്തിലൂടെ വന്‍ തരംഗം സൃഷ്ടിക്കാന്‍ അരവിന്ദിന് കഴിഞ്ഞു. സ്‌നേഹ അജിത്ത് എന്ന നടിയും നര്‍ത്തകിയും മോഡലും കളരി ആര്‍ട്ടിസ്റ്റും അതിലെല്ലാം ഉപരി ഒരു അഡ്വക്കേറ്റും ഒക്കെയായ പെണ്‍കുട്ടിയെയാണ് അരവിന്ദ് വിവാഹം കഴിക്കുവാന്‍ പോകുന്നത്. മമ്മൂക്കയുടെ ബസൂക്ക എന്ന ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തിയ സ്‌നേഹ തന്റെ കരിയറിലെ ഏറ്റവും മികച്ച അവസരമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ബസൂക്ക കൂടാതെ അംഅഃ എന്ന ചിത്രത്തില്‍ ശില്‍പ എന്ന കഥാപാത്രമായും അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തില്‍ ഷാഹിനയായും എല്ലാം അഭിനയിച്ചിട്ടുള്ള സ്‌നേഹ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. അതേസമയം, സ്‌നേഹയുടെയും അരവിന്ദിന്റെയും പ്രണയ വിവാഹം കൂടിയാണ് എന്നതാണ് മറ്റൊരു വിശേഷം. വര്‍ഷങ്ങളായുള്ള ഇവരുടെ പ്രണയം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വിവാഹനിശ്ചയത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സ്‌നേഹയും അരവിന്ദും തങ്ങള്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണെന്ന വിശേഷം അറിയിച്ചത്. ഒരു ഗായകനായി തിളങ്ങുന്നതിനൊപ്പം തന്നെ ഫിലിം മേക്കറാവണമെന്ന ആഗ്രഹവും കൊണ്ടു നടക്കുന്നയാളാണ് അരവിന്ദ്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും സിനിമാ പഠനം അരവിന്ദ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അരവിന്ദിന് പുറമെ അനുപല്ലവി എന്ന മകളും ജി വേണുഗോപാലിനുണ്ട്.