ദിവസങ്ങള്‍ക്ക് മുമ്പാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി സിനിമാരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയത്. പത്രസമ്മേളനത്തില്‍ നാല് കോടിയില്‍ തീര്‍ക്കേണ്ട സിനിമയുടെ ബജറ്റ് 20 കോടിയിലെത്തിച്ച സംവിധായകനെക്കുറിച്ച് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. രതീഷ് ഒരുക്കിയ സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ആണ് ഈ സിനിമ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു.ഇപ്പോളിത ഇതിനെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍ പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
ബെസില്‍ വന്ന നിര്‍മ്മാതാവിനെ തൊഴുത്തിലാക്കിയ സിനിമ എന്ന പേരിലായിരുന്നു സിനിമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ ബിനു മണമ്പൂര്‍ പ്രതികരണവുമായി എത്തിയത്.
പ്രിയമുള്ളവരേ ഇന്ന് രാവിലെ മുതല്‍ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും.. ശ്രീ. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേഷന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ. എന്ന സിനിമ. പേര് പറയാതെ എല്ലാവര്‍ക്കും മനസ്സിലായി.
ഇനി കാര്യത്തിലേക്കുവരാം. ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഞാന്‍ ആയിരുന്നു.. ഇന്നലെ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹിയായ ശ്രീ. സുരേഷ് കുമാര്‍ സാര്‍ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ.. അദ്ദേഹം പറഞ്ഞത് വളരെ സത്യ സന്ധമായ കാര്യമാണ്.. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാന്‍ വായിച്ചു.. 4 കോടി പറഞ്ഞിട്ട് 20 കോടിയില്‍ എത്തിയെങ്കില്‍ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്. ആ പറ്റിച്ചവരില്‍ ഞാനും ഉള്‍പ്പെടുമല്ലോ. അതുകൊണ്ടാണ് ഇത് പറയുന്നത്.
പ്രിയ പ്രൊഡ്യൂസര്‍മാരായ ശ്രീ. ഇമ്മാനുവല്‍ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയില്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്ത മറ്റ് ടെക്നീഷ്യന്‍ മാരോ. ഇതില്‍ അഭിനയിച്ച രാജേഷ് മാധവന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളോ ആരും തന്നെ നിങ്ങളെ ചതിച്ചിട്ടില്ല. നിങ്ങളെ ചതിച്ചത് നിങ്ങള്‍ വിശ്വസിച്ച് കോടികള്‍ മുടക്കിയ നിങ്ങളുടെ സംവിധായകന്‍ മാത്രമാണ്.. അത് രാകേഷ്ണ്ണനും അറിയാം.. ഇമ്മാനുവലേട്ടന്‍ ഒരു ദിവസം രാകേഷ്ണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണല്ലോഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങള്‍ തിയേറ്ററില്‍ എത്തിച്ചല്ലോ. അഭിനന്ദനങ്ങള്‍. സ്നേഹം. ഇനിയാണ് ക്ലൈമാക്സ്. ഇന്നലത്തെ പത്ര സമ്മേളനത്തില്‍ ശ്രീ. സുരേഷ്‌കുമാര്‍ സാര്‍ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസര്‍ പിച്ച ചട്ടി എടുത്തെന്നു. അതേ പ്രൊഡ്യൂസര്‍ അസോസിയേഷനിലുള്ള പ്രൊഡ്യൂസര്‍ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീ. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍. പ്രിയപ്പെട്ട സുരേഷ് സാര്‍ ഞങ്ങള്‍ എന്താ പറയേണ്ടത്. ഇമ്മാനുവല്‍ ചേട്ടാ, അജിത്തേട്ടാ, നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും, എന്നാലും ഇത്രേം പറയാതിരിക്കാന്‍ പറ്റില്ല. നമ്മള്‍ എല്ലാവരും മനുഷ്യരല്ലേ.