മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ഗ്രേസ് ആന്റണി വിവാഹിതയായി. അധികമാരെയും അറിയിക്കാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹം നടന്നത്. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം വരന്റെ പേരോ ചിത്രമോ ഒന്നും ഗ്രേസ് പങ്കിട്ടിട്ടില്ല. 'ശബ്ദമില്ല, വെളിച്ചമില്ല, തിരക്കില്ല. ഒടുവില്‍ ഞങ്ങള്‍ അതു സഫലമാക്കി,' എന്നാണ് ഗ്രേസ് കുറിച്ചത്. താലിയുടെ ഫോട്ടോയും വരന്റെ തോളില്‍ ചാഞ്ഞ് നില്‍ക്കുന്ന ഫോട്ടോയും മാത്രമാണ് ഗ്രേസ് പുറത്തുവിട്ടത്.
സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, രജിഷ വിജയന്‍, സ്രിന്റ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിന്‍സി, സാനിയ ഇയ്യപ്പന്‍, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, ശ്യാം മോഹന്‍ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേര്‍ ഗ്രേസിനു ആശംസകള്‍ നേരുന്നുണ്ട് പോസ്റ്റില്‍. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോള്‍ എന്ന കഥാപാത്രത്തെയാണ് 'കുമ്പളങ്ങി നൈറ്റ്സി'ല്‍ ഗ്രേസ് അവതരിപ്പിച്ചിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിങ്‌സ്' എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം 'ജോര്‍ജേട്ടന്‍സ് പൂരം', 'ലക്ഷ്യം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . 'ഹാപ്പി വെഡ്ഡിങ്ങി'ലെ അഭിനയം കണ്ടിട്ടാണ് 'കുമ്പളങ്ങി നൈറ്റ്സി'ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.