Latest News

സിനിമകള്‍ ഇല്ലാതെ വന്നതിന് പ്രധാന കാരണം മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; കടം വാങ്ങിയ 20 ലക്ഷം കിട്ടാതെ വന്നപ്പോള്‍ കൊടുത്ത പരാതി വൈരാഗ്യത്തിന് കാരണം; ടൊവിനോ ചിത്രം എആര്‍എമ്മിലെ വേഷം വരെ നഷ്ടമായി;  ഹരീഷ് കണാരന്റെ വെളിപ്പെടുത്തല്‍ 

Malayalilife
 സിനിമകള്‍ ഇല്ലാതെ വന്നതിന് പ്രധാന കാരണം മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; കടം വാങ്ങിയ 20 ലക്ഷം കിട്ടാതെ വന്നപ്പോള്‍ കൊടുത്ത പരാതി വൈരാഗ്യത്തിന് കാരണം; ടൊവിനോ ചിത്രം എആര്‍എമ്മിലെ വേഷം വരെ നഷ്ടമായി;  ഹരീഷ് കണാരന്റെ വെളിപ്പെടുത്തല്‍ 

കോമഡി വേഷങ്ങളിലൂടെ വളരെ വേഗം മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടനാണ് ഹരീഷ് കണാരന്‍ .ഒരു കാലത്ത് ടെലിവിഷനിലും പിന്നീട് സിനിമയിലും നിറഞ്ഞ് നിന്ന താരം കുറച്ച് കാലമായി സിനിമയില്‍ അത്ര സജീവമല്ല. ഇതിനിടയില്‍ നടന്റെ ആരോഗ്യനില സംബന്ധിച്ച് വരെ സോഷ്യല്‍മീഡിയയില്‍ അടക്കം പല വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും നടന്‍ തന്നെ ഇതിനെതിരെ രംഗത്തെതുകയും ചെയ്തു. എന്നാല്‍ തന്റെ ഇടവേളയ്ക്ക് കാരണം സിനിമയിലെ തന്നെ ഒരു പ്രമുഖ പ്രോഡക്ഷന്‍ കണ്‍ട്രോളറാണെന്ന് നടന്‍ വെളിപ്പെടുത്തുകയാണ്. മലയാള മനോരമയക്ക് നല്കിയ അഭിമുഖത്തിലാണ് നടന്റെ തുറന്ന് പറച്ചില്‍.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം 'മധുര കണക്ക്' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്.

കോവിഡ് സമയത്ത്, തീരുമാനിച്ചുറപ്പിച്ച കുറച്ചു സിനിമകള്‍ നഷ്ടമായിരുന്നുവെന്നും തന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന് ഞാന്‍ ഒരു 20 ലക്ഷത്തോളം രൂപ കടമായി നല്‍കിയിരുന്നു. അതില്‍ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു. എന്റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാന്‍ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാന്‍ 'അമ്മ' സംഘടനയില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളില്‍ നിന്ന് എന്നെ കട്ട് ചെയ്തു. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തില്‍ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോള്‍ എന്നോട് ചോദിച്ചു, 'ചേട്ടനെ കണ്ടില്ലല്ലോ'എന്ന്. ഇങ്ങനെ ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയതെന്നും താരം പങ്ക് വച്ചു.മലയാളത്തില്‍ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു അദ്ദേഹമെന്നും നടന്‍ വ്യക്തമാക്കി.

സിനിമയില്‍ സജീവമായിരുന്ന കാലത്ത് പൈസ വാങ്ങി തന്നെയാണ് അഭിനയിച്ചിരുന്നതെന്നും ഒരുപാട് സിനിമകളും അക്കാലത്ത് കിട്ടിയിരുന്നു. ഞാന്‍ ആ പൈസയൊന്നും ദുരുപയോഗം ചെയ്തില്ല. മറ്റ് അനാവശ്യ ചെലവുകളൊന്നും ഇല്ലായിരുന്നു. എല്ലാം ഞാന്‍ സ്വരുക്കൂട്ടിവച്ചു. പിന്നെ സിനിമയില്‍ തിരക്കുള്ള കാലത്തും ഞാന്‍ സ്റ്റേജ് ഷോകള്‍ ഒഴിവാക്കിയിരുന്നില്ല. അതുകൊണ്ട് സിനിമയില്ലാത്ത കാലത്ത് സ്റ്റേജ് ഷോ എന്നെയും കൈവിട്ടില്ല. ഇപ്പോഴും സ്റ്റേജ് ഷോകള്‍ സജീവമായി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയയില്‍ ഒരു ഷോ ചെയ്തു. അതുകൊണ്ടുതന്നെ സിനിമ ഇല്ലാതിരുന്ന കാലത്തും എനിക്ക് സാമ്പത്തികമായി അത്രയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.

സിനിമയില്‍ നിന്നുള്ള എന്റെ അഭാവത്തില്‍ പല കഥകളും പ്രചരിച്ചിതായി ഞാന്‍ അറിഞ്ഞിരുന്നു. ഞാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളല്ല. ആളുകള്‍ക്ക് എന്തും പറയാമല്ലോ... അതിലൊന്നും പ്രതികരിക്കാന്‍ പോകാറില്ല. എന്ത് ചെയ്താലും നെഗറ്റിവ് പറയാനായി ചിലരുണ്ട്. നമ്മള്‍ ഒരു വണ്ടിയുടെ താക്കോല്‍ വാങ്ങുന്ന ചിത്രം പങ്കുവച്ചാല്‍ 'ഇവന് പാവങ്ങളെ സഹായിച്ചുകൂടെ' എന്ന് ചോദിച്ച് കമന്റ് ചെയ്യും. നമ്മള്‍ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇവര്‍ നോക്കുന്നു പോലുമുണ്ടാവില്ല. സഹായങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ചെയ്യാറുമില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറേ ഇല്ല. അതില്‍ കാര്യമില്ലെന്ന് നല്ല ബോധ്യമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു,

നടന്റെതായി മധുര കണക്ക്' ആണ് ഉടനെ റിലീസാകുന്ന ചിത്രം. ഡിസംബര്‍ 4ന് ചിത്രം റിലീസാകും. ശ്രീനാഥ് ഭാസിയുടെ 'നമുക്ക് കോടതിയില്‍ കാണാം' എന്ന ചിത്രവും ഉടനെ വരും. ആ സിനിമയില്‍ ജഡ്ജ് ആയാണ് ഞാന്‍ എത്തുന്നത്. ഒമര്‍ ലുലുവിന്റെ ഒരു ചിത്രവും വരുന്നുണ്ട്. രാജേഷ് മോഹനന്‍ 'സാള്‍ട്ട് മാങ്കോ ട്രീ'യുടെ രണ്ടാം ഭാഗം ചെയ്യുന്നുണ്ട്. അതിലും ഞാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും നടന്‍ പറയുന്നു.


 

hareesh kanaran about bad experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES